എന്നും വിവാദങ്ങളുടെ തോഴനെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപിയുടെ കേന്ദ്രമന്ത്രിയായതില്‍ പിന്നെ പ്രത്യേകിച്ചും. ബീഫും വിദേശികളുമായി ബന്ധപ്പെടുത്തി അല്‍ഫോന്‍സ് പറഞ്ഞ പ്രസ്താവന വിവാദമായതിനുശേഷമാണ് ഇപ്പോള്‍ പുതിയ പ്രസ്താവനയുമായി അല്‍ഫോന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്. ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ തനത് സംസ്കാരത്തെ അനുസരിക്കണമെന്നും ആ രീതിയിലാവണം പെരുമാറ്റമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ അത് ഒഴിവാക്കണം.
ഗോവയില്‍ ബീച്ചുകളിലും അവര്‍ അത് ചെയ്യുന്നു. എന്നാല്‍ പട്ടണങ്ങളിലും മറ്റും അത്തരം വസ്ത്രം ധരിച്ച് വരാന്‍ പാടില്ല. അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്ത് ചെന്നാല്‍ അവിടുത്തെ പ്രാദേശിക പാരമ്പര്യത്തെ ബഹുമാനിക്കാന്‍ വിദേശികള്‍ തയ്യാറാവണം.
ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ പിന്തുടരാന് തയ്യാറാവണം. എന്നുവച്ച് ഇന്ത്യയിലെത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിഭാഗം കണ്ണന്താനം പറഞ്ഞതിനോട് യോജിക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തെ എതിര്‍ക്കുകയാണ്.