ന്യൂഡൽഹി: ഇന്ത്യയിൽ ബിക്കിനിയിട്ടു നടക്കുന്നതിനെതിരേ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ഇന്ത്യൻ സംസ്കാരം എന്താണെന്നു മനസിലാക്കണം. ഇവിടുത്തെ സംസ്കാരത്തിന് ഇണങ്ങുന്ന രീതിയിൽ പെരുമാറണം. വിദേശികൾ അവരുടെ രാജ്യങ്ങളിൽ ബിക്കിനിയിട്ടു നടക്കുന്നത് സാധാരണമാണെങ്കിലും ഇവിടെ അനുവദിക്കാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്.
ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. ഗോവയിലെ ബീച്ചിലടക്കം വിദേശികൾ ബിക്കിനിയിട്ട് നടക്കാറുണ്ട്. ഓരോ രാജ്യങ്ങളിൽ എത്തുന്പോഴും അവിടത്തെ വസ്ത്രധാരണ രീതി പിന്തുടരാൻ വിനോദ സഞ്ചാരികൾ ശ്രമിക്കണെന്നും കണ്ണന്താനം പറഞ്ഞു.
ഓരോ രാജ്യത്തും അവിടത്തെ പ്രാദേശിക സംസ്കാര്യങ്ങൾക്ക് മൂല്യമുണ്ട്. വിദേശ വിനോദ സഞ്ചാരികൾ ആ സംസ്കാരം ഉൾകൊള്ളാൻ ശ്രമിക്കണം. എല്ലാവരും സാരി ഉടുക്കണമെന്നല്ല താൻ പറയുന്നതെന്നും കണ്ണന്താനം വിശദീകരിച്ചു.