ന്യൂഡൽഹി: വായ്പാത്തട്ടിപ്പ് നടത്തി വിദേശ രാജ്യങ്ങളിലേക്കു കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർക്കശമാക്കി ഇന്ത്യൻ സർക്കാർ.
പുതിയ തീരുമാനത്തിൽ കമ്പനികൾക്കും മറ്റും വലിയ സാന്പത്തികബാധ്യത വരുത്തിവയ്ക്കുന്നവരുടെ വിദേശയാത്ര വിലക്കാനാണ് തീരുമാനം. വലിയ കടബാധ്യതയുള്ള കമ്പനികളുടെ ഡയറക്ടർമാർ അല്ലെങ്കിൽ ഉടമസ്ഥരെയാണ് രാജ്യംവിടുന്നതിൽനിന്ന് വിലക്കുക. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 400 കമ്പനികൾ ഇന്ത്യയിലുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.
50 കോടി രൂപയ്ക്കു മുകളിൽ വായ്പയെടുത്തവരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കണമെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യം വിട്ടു പുറത്തുപോകുന്നത് വിലക്കാനുള്ള തീരുമാനം.
13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രണ്ടു പ്രമുഖ വജ്രവ്യാപാരികൾ രാജ്യംവിട്ടത് കേന്ദ്രസർക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനൊരു പരിഹാരമെന്നോണമാണ് പുതിയ തീരുമാനങ്ങൾ. ഒപ്പം അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് വരുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.