തൃപ്പൂണിത്തുറ: ക്ഷേത്ര ദൾശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ നടുറോഡിൽവച്ച് സ്ത്രീയെ കയറിപിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തിൽ അജ്ഞാതനെ കണ്ടെത്താൻ സിസിടിവി കാമറകൾ പരിശോധിക്കുമെന്നു പോലീസ്. സംഭവം നടന്ന പ്രദേശത്തും സമീപ സ്ഥലങ്ങളിലുമായി നിരവധി സിസിടിവി കാമറകൾ ഉള്ളതായും ഇവ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സംഭവം നടന്നതു രാത്രിയിലായതിനാൽ ചിത്രങ്ങൾക്കു വ്യക്തതയുണ്ടാകുമോയെന്ന ആശങ്കയും പോലീസിനുണ്ട്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി ഏഴിനായിരുന്നു നാട്ടുകാരെ ഞെട്ടിഞ്ഞ സംഭവം അരങ്ങേറിയത്.
അറുപത് വയസുള്ള സ്ത്രീയാണ് അജ്ഞാതന്റെ ആക്രമണത്തിനിരയായത്. ക്ഷേത്ര ദർശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയെ നടുറോഡിൽ കയറിപ്പിടിച്ചു അജ്ഞാതൻ ചുണ്ട് കടിച്ചുമുറിക്കുകയായിരുന്നു. തുടർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യ ലഹരിയിലായിരുന്നുവെന്നു പറയപ്പെടുന്ന അജ്ഞാതൻ സ്ത്രീയെ പുറകിൽനിന്നും പിടിച്ചു നിർത്തി മുഖം പിടിച്ച് തിരിച്ച് ചുണ്ടിൽ കടിക്കുകയും പെട്ടെന്നുതന്നെ ഇരുളിൽ മറയുകയുമായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. അൻപതു വയസിലധികം പ്രായമുള്ള ആളായിരുന്നു ആക്രമിയെന്നും ഇയാൾ മുഷിഞ്ഞവസ്ത്രമാണു ധരിച്ചിരുന്നതെന്നും പറയപ്പെടുന്നു. തൃപ്പൂണിത്തുറ പോലീസാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.