നിഷ ജോസ് കെ. മാണിയുടെ ’ദ അദർ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമർശത്തിൽ തനിക്കെതിരെ ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഷോണ്‍ ജോർജ് ഇന്നു സംസ്ഥാന പോലീസ് മേധാവിയ്ക്കും കോട്ടയം ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കും.
പുസ്തകത്തിൽ നിഷ ജോസ് കെ. മാണിയോടു അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരിക്കുന്ന യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയിൽ സോഷ്യൽ മീഡിയായിലും ചില ഓണ്‍ലൈൻ മാധ്യമങ്ങളിലും പരാമർശമുണ്ടായതോടെയാണു പരാതി നല്കാൻ തീരുമാനിച്ചതെന്നു ഷോണ്‍ ജോർജ് രാഷ്ട്രദീപികയോടു പറഞ്ഞു.
നിഷ ജോസ് കെ. മാണി യുവരാഷ്്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തണം. അല്ലാത്ത പക്ഷം വിവിധ കോണുകളിൽ നിന്നും തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. നിഷ പേര് പറയാത്തിടത്തോളം കാലം ഞാൻ മറുപടി പറയേണ്ടതില്ലെന്നാണു കരുതിയിരുന്നത്.
തന്നെയുമല്ല രണ്ടു മൂന്നു ദിവസം അവർ പേരു വെളിപ്പെടുത്തുന്നതിനു വേണ്ടി കാത്തിരിക്കാനും അതിനുശേഷം നിയമനടപടി സ്വീകരിക്കാനുമാണു തീരുമാനിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയായും ചില ഓണ്‍ലൈൻ മാധ്യമങ്ങളും തന്റെ പേര് ഇതിലേക്കു വലിച്ചിഴച്ചതോടെ സംസ്ഥാന പോലീസ് മേധാവിയ്ക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും ഇന്നു തന്നെ പരാതി നല്കാൻ തീരുമാനിക്കുകയായിരുന്നു.
വാർത്തയിൽ എന്നെക്കുറിച്ചു പറയുന്നതിൽ ഒരു സത്യവുമില്ല എന്റെ അമ്മായിഅപ്പൻ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞിട്ടില്ല, മറ്റു സൂചനകളൊന്നും എനിക്ക് ബാധകമല്ല. പരിചയപ്പെട്ടു എന്നു പറയുന്നതും തെറ്റാണ് 15 വർഷങ്ങൾക്കു മുന്‍പു പരിചയപ്പെട്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാം.
എനിക്കു അവരെ നന്നായി അറിയാം. അവർക്കും എന്നെ അറിയാം. നിഷയുടെ ഭർത്താവ് എംപിയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കുനേരെയുണ്ടായ അതിക്രമം തടയുകയോ, അക്രമിയ്ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത അദ്ദേഹമാണോ സ്ത്രീ ജനങ്ങളുടെ സംരക്ഷകനാകുന്നത്. രാഷ്്ട്രീയ നേതാവിന്റെ പേര് പറയിപ്പിക്കാതെ പിൻമാറില്ലെന്നും അദേഹം പറഞ്ഞു.