ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയത്തിൽ നിന്നുള്ള എഫ്എം പ്രക്ഷേപണം ഡിസംബറോടെ ആരംഭിക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി അറിയിച്ചു. ആലപ്പുഴ റേഡിയോ സ്റ്റേഷനിൽ എഫ്എം പ്രക്ഷേപണം നടത്തുന്നതിനായുള്ള അഞ്ച് കെവി. ട്രാൻസ്മീറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
50 കിലോമീറ്റർ ചുറ്റളവാകും എഫ്എം പ്രക്ഷേപണ പരിധി. നിലവിൽ ആലപ്പുഴയിൽ ആകാശവാണിയ്ക്ക് സ്റ്റുഡിയോ സൗകര്യങ്ങളില്ലാത്തതിനാൽ മറ്റ് നിലയങ്ങളിൽ നിന്നുള്ള പ്രക്ഷേപണം ആലപ്പുഴ എഫ്എമ്മിലൂടെ ലഭ്യമാക്കാനാണ് സാധ്യത. സംസ്ഥാനത്തെ ഉയർന്ന ശേഷിയുള്ള പ്രക്ഷേപണ നിലയങ്ങളിൽ ഏഴാമത്തെതാകും ആലപ്പുഴ എഫ്എം.
നിരവധിതവണ എഫ്എം സ്റ്റേഷൻ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റിലും മന്ത്രാലയത്തിൽ നേരിട്ടും ഈ വിഷയം ഉന്നയിച്ചെങ്കിലും ഫണ്ട് ലഭ്യമല്ലാതിരുന്നതിനാൽ തീരുമാനം നീളുകയായിരുന്നു. ആലപ്പുഴയിൽ പുതിയ എ.എം ട്രാൻസ്മിറ്റർ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങുമെന്നും ഫണ്ട് ലഭ്യത അനുസരിച്ചാകും ബാക്കി തീരുമാനങ്ങളെന്നും വാർത്താവിതരണ മന്ത്രി അറിയിച്ചതായി എംപി പറഞ്ഞു.