കുറവിലങ്ങാട്: നിറുത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് മിനിലോറിയിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ച ഇരുവരും. തിരുനൽവേലി ശങ്കർ കോവിൽ പാണ്ഡിതേവർ മകൻ മുത്തയ്യ (60), ഡിണ്ടിഗൽ സ്വദേശി ദിനേശ്കുമാർ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ തകർന്ന മിനിലോറിയുടെ ഡ്രൈവർ ഡിണ്ടിഗൽ സ്വദേശി സെന്തിൽ ഗുരുസ്വാമി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നു പുലർച്ചെ രണ്ടരയോടെയാണ് അപകടം. എം.സി റോഡിൽ കോഴായിലുള്ള ഉഴവൂർ ബ്ലോക്ക് ഓഫീസിന് മുൻഭാഗത്തായി പാർക്ക് ചെയ്തിരുന്ന തടിലോറിയുടെ പിന്നിലാണ് മനി ലോറിയിടിച്ചത്. ആക്രി സാധനങ്ങളുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന അപകടത്തിൽപ്പെട്ട മിനി ലോറി.
പെരുന്പാവൂരിലേക്ക് പോകുകയായിരുന്നു തടി കയറ്റിയ ലോറി. മുത്തയ്യ അപകടസ്ഥലത്തുതന്നെ മരിച്ചതായി പറയുന്നു. ദിനേശ്കുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തടിലോറിയുടെ പിറകിലായി മിനി ലോറിയുടെ ഇടതുവശമാണ് ഇടിച്ചത്.
ഇതിനാൽ ഡ്രൈവർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിനു പിന്നാലെ ഇതുവഴിയെത്തിയ കെഎസ്ആർടിസി ബസ് ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. മുത്തയ്യയുടേയും ദിനേശ്കുമാറിന്േറയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.