കടുത്തുരുത്തി: കൊടും വെയിലേറ്റും മഴയിലും കാറ്റിലും ഒടിഞ്ഞും മൂപ്പെത്താതെ ഒടിഞ്ഞുവീഴുന്ന വാഴക്കുലകൾ ഉപയോഗപ്പെടുത്തിയെടുക്കാനുള്ള കർഷകന്റെ ഉപകരണം ശ്രദ്ധയാകർഷിക്കുന്നു. കപിക്കാട് കുറ്റടിയിൽ ടോം തോമസാണ് പഴവർഗങ്ങൾ ഉണക്കിയെടുത്ത് ഉപയോഗിക്കാനുള്ള ഉപകരണം നിർമിച്ചത്.
മൂപ്പെത്താതെ വീഴൂന്ന വാഴക്കുലകൾ കടകളിൽ നൽകിയാലും വാങ്ങാൻ തയാറാകില്ല. ഇതു കർഷകർക്ക് പലപ്പോഴും സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ നഷ്ടപ്പെടുന്ന വാഴക്കുലകൾ ഉണക്കിയെടുത്ത് ഭക്ഷണമാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
അലുമിനിയം, ഗ്ലാസ് എന്നിവ ഉപയോഗിച്ചു ട്രേ മോഡലിലാണ് ഉപകരണത്തിന്റെ നിർമാണം. ഏത്തപ്പഴം ഉൾപ്പെടെയുള്ള ഏതുതരം വാഴപ്പഴങ്ങളും ചക്കപ്പഴവുമെല്ലാം ഉപകരണത്തിന്റെ സഹായത്തോടെ ഉണക്കിയെടുക്കാനാവും. കൊടും ചൂടിൽ ഒരു ദിവസം ഉപകരണത്തിൽ ഇരിക്കുന്ന പഴങ്ങളുടെ വെള്ളം വറ്റി കേടുകൾ മാറിക്കിട്ടും.
നാല് ദിവസം കൊണ്ട് ഈ പഴങ്ങൾ ഭക്ഷണമായി ഉപയോഗിക്കാനുള്ള പരുവത്തിലാകുമെന്ന് ടോം പറയുന്നു. അണ്ണാൻ, പക്ഷികൾ, ഉറുന്പ്, ഈച്ച എന്നിവയുടെയൊന്നും ശല്ല്യം ഉപകരണത്തിൽ ഉണക്കാൻ വയ്ക്കുന്ന പഴങ്ങൾക്ക് ഉണ്ടാകില്ല. രണ്ട് മാസം മുന്പാണ് ടോം ട്രേ നിർമിച്ചത്.
ഇത്തരത്തിൽ ഉണക്കിയെടുക്കുന്ന പഴങ്ങളാണ് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ പലപ്പോഴും ഉപയോഗിക്കുന്നതെന്ന് ടോം പറയുന്നു. നല്ലൊരു കർഷകൻ കൂടിയാണ് ടോം. ഭാര്യ ഷൈലയുടെ സഹായത്തോടെയാണ് ടോമിന്റെ കാർഷിക മേഖലയിലെ പ്രവർത്തനം.