കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ പൂവാലിതോട് വേനൽച്ചൂടിൽ വറ്റിവരണ്ടതോടെ മേഖല ജലക്ഷാമത്തിന്റെ പിടിയിൽ. വെള്ളിക്കുളം തോട്ടിൽ നിന്നോ കുറുമാലിപുഴയിൽ നിന്നോ പൂവാലിത്തോട്ടിലേക്ക് വെള്ളം എത്തിച്ച് വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കണമെന്ന് ജനങ്ങളുടെ ആവശ്യം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
ഇഞ്ചക്കുണ്ട് മേഖലയിൽ നിന്നുത്ഭവിച്ച് എരപ്പൻപാറ, പെരുന്പിള്ളിച്ചിറ, പുത്തനോളി, മുരിക്കുങ്ങൽ, കോടാലി എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി മാങ്കുറ്റിപ്പാടത്ത് വച്ച് വെള്ളിക്കുളം വലിയ തോടുമായി ചേരുന്നതാണ് പൂവാലിതോട്. മഴക്കാലത്ത് നിറഞ്ഞൊഴുകുകയും വേനൽ രൂക്ഷമാകുന്നതോടെ വറ്റിപോകുകയും ചെയ്യുന്ന പത്തുകിലോമീറ്റർ നീളത്തിൽ ഒഴുകുന്ന ഈ തോട്ടിലേക്ക് കുറുമാലിപ്പുഴയിൽ നിന്ന് വെള്ളമെത്തിച്ചാൽ മേഖലയിലെ ജലക്ഷാമം പൂർണമായും പരിഹരിക്കപ്പെടും.
ഇതിനു കുറുമാലിപ്പുഴയിലെ കൽക്കുഴി പ്രദേശത്തുള്ള ലിഫ്്റ്റ് ഇറിഗേഷനിൽ നിന്ന് ഇഞ്ചക്കുണ്ട് എരപ്പൻപാറയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് പൂവാലിത്തോടിന്റെ ആരംഭസ്ഥാനത്ത് വെള്ളമെത്തിക്കണം. തോട്ടിലെ മുരിക്കുങ്ങൽ പാലം, പൂവാലിത്തോട് പാലം എന്നിവിടങ്ങിൽ നിർമിച്ചിട്ടുള്ള തടയണകളിൽ വെള്ളം സംഭരിച്ചുനിർത്തിയാൽ പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരും.
പൂവാലിത്തോട് പാലത്തിനു സമീപം നിർമിച്ചിട്ടുള്ള തടയണയിലേക്ക് വെള്ളിക്കുളം തോട്ടിലെ കോപ്ലിപ്പാടം ക്രോസ് ബാറിൽ നിന്ന് വെള്ളം എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ക്രോസ് ബാറിൽ സംഭരിച്ചുനിർത്തിയിരിക്കുന്ന വെള്ളം കൈത്തോടുവഴി നിലംപതി പ്രദേശത്ത് എത്തിച്ചശേഷം വെള്ളിക്കുളങ്ങര -കൊടകര റോഡരുകിലെ തോടുവഴിയാണ് നേരത്തെ പൂവാലിത്തോട് തടയണയിലേക്കൊഴുക്കിയിരുന്നത്.
എന്നാൽ കഴിഞ്ഞ പത്തുവർഷത്തോളമായി ഇതിലൂടെ വെള്ളം എത്തുന്നില്ല. തോട് കാടുപടിച്ച് കിടക്കുകയാണ്. കോപ്ലിപ്പാടം ക്രോസ്ബാറിൽ നിന്ന് വെള്ളമൊഴുക്കിയാൽ പൂവാലിത്തോട് പാലത്തിനു സമീപത്തെ തടയണ നിറക്കാനും പരിസര പ്രദേശങ്ങളിലെ ജല ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. കുറുമാലി പുഴയിലെ വെള്ളം പൂവാലിത്തോട്ടിലേക്കൊഴുക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.