നിയന്ത്രണം നഷ്ടമായി അമിതവേഗത്തിൽ പാഞ്ഞ മെഴ്സിഡസ് ബെൻസ് കാർ അപകടത്തിൽപ്പെടുന്നതിനു മുന്പേ ബുദ്ധിപരമായ നീക്കത്തിലൂടെ നിർത്തിയ ഡ്രൈവർക്കും സമയോചിതമായ ഇടപെടീലിലൂടെ അദ്ദേഹത്തെ രക്ഷപെടുത്തിയ പോലീസുദ്യോഗസ്ഥർക്കും സോഷ്യൽമീഡിയായിൽ അഭിനന്ദന പ്രവാഹം. ചൈനയിലെ ഹെനാൻ പ്രവശ്യയിലാണ് സംഭവം.
വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനു കാരണമായത്. വാഹനത്തിലെ ക്രൂയിസ് കണ്ട്രോൾ പ്രവർത്തിപ്പിച്ച് ആക്സിലേറ്റർ ലോക്ക് ചെയ്യാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല. കാരണം പരിമിതമായ വേഗതയിൽ സഞ്ചരിക്കുന്പോൾ മാത്രമേ കാറിലെ ക്രൂയിസ് കണ്ട്രോൾ പ്രവർത്തിപ്പിക്കുവാൻ സാധിക്കുകയുള്ളു.
അതും സാധിക്കാതെ വന്നതോടെ ബ്രേക്കിനൊപ്പം കാറിലെ ഗിയറിന്റെ പ്രവർത്തനവും നിലച്ചെന്ന് അദ്ദേഹത്തിന് മനസിലായി. പിന്നീട് കാറിലിരുന്നു കൊണ്ട് തന്നെ അദ്ദേഹം പോലിസിന് ഫോണ് ചെയ്യുകയായിരുന്നു. ഈ സമയം അദ്ദേഹം കാറുമായി തിരക്കേറിയ വഴിയിലേക്കു പ്രവേശിച്ചിരുന്നു.
അപ്പോഴേക്കും സംഭവത്തപ്പറ്റി അറിഞ്ഞ ഹൈവെ പെട്രോൾ പോലീസ് വഴിയിലുണ്ടായിരുന്ന കാറുകൾ ഒഴിപ്പിച്ച് അദ്ദേഹത്തിന് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തു. ഉടൻ തന്നെ പോലീസ് മെഴ്സിഡസ് ബെൻസിന്റെ ഷോറൂമുമായി ബന്ധപ്പെടുകയും അവർ റിമോട്ട് ഉപയോഗിച്ച് കാറിന്റെ വേഗത നിയന്ത്രിക്കുകയും പിന്നീട് നിർത്തുകയുമായിരുന്നു.
ഈ സമയമത്രെയും അദ്ദേഹം നൂറു കിലോമീറ്റർ വേഗതയിലധികമാണ് സഞ്ചരിച്ചിരുന്നത്. പോലീസിന്റെയും ഹൈവെ പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. ഇവർക്ക് സോഷ്യൽ മീഡിയായിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.