മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് അഞ്ജലി. അന്യഭാഷാ നായികയെങ്കിലും കരിയറിന്റെ തുടക്കകാലത്തു തന്നെ പയ്യൻസിലൂടെ ജയസൂര്യയുടെ നായികയായെത്തി മലയാളികളുടെ ഇഷ്ടം നേടിയരുന്നു ഈ നായിക. പിന്നീടു വലിയൊരു ഇടവേളയ്ക്കു ശേഷം ഇപ്പോൾ പ്രദർശനം തുടരുന്ന റോസാപ്പൂ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തിയിരിക്കുന്നു.
തമിഴിൽ തുടക്കം കുറിച്ച് ഇന്നു മലയാളത്തിലും തെലുങ്കിലുമായി മികച്ച അഭിനേത്രികളുടെ പട്ടികയിലേക്കാണ് അഞ്ജലിയുടെ പേരും ചേർക്കപ്പെടുന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അഞ്ജലിയുടെ വിശേഷങ്ങളിലൂടെ…
മികച്ച തുടക്കം
എന്നെ തേടിവരുന്ന എല്ലാ കഥാപാത്രങ്ങളും മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. അതു നല്ലതായെന്ന് എല്ലാവരും പറയുന്പോൾ സന്തോഷം. എന്റെ ആദ്യ ചിത്രം കാട്രതു തമിഴ് കഴിഞ്ഞപ്പോൾ വളരെ മെച്വേർഡായി അഭിനയിച്ചു എന്ന് എല്ലാവരും പറഞ്ഞിരുന്നു.
കാമറയ്ക്കു മുന്നിലെത്തുന്നതു തന്നെ ആ ചിത്രത്തിലൂടെയാണ്. ആ സിനിമയിൽ നന്നായെന്നു പറയുന്പോൾ അതിനു പിന്നിൽ സംവിധായകൻ റാം സാറിന്റെ വലിയൊരു പിന്തുണയുണ്ട്. ഓരോ സീനും മോണിറ്ററിൽ നോക്കി ഇങ്ങനെ ചെയ്യണം എന്നു പറഞ്ഞുതരുമായിരുന്നു. ആ സിനിമയിൽ നിന്നുമാണ് കാമറക്കുമുന്നിൽ എങ്ങനെ പെർഫോം ചെയ്യണമെന്നു പഠിക്കുന്നത്.
രണ്ടാമത്തെ ചിത്രം അങ്ങാടിത്തെരുവിൽ പോകുന്പോൾതന്നെ വലിയൊരു കഥാപാത്രമാണ്, അഭിനയ സാധ്യതയുള്ളതാണെന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അങ്ങാടിത്തെരുവിലെ കനിയെ എനിക്കു ഇംപ്രവൈസ് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു.
കഥാപാത്രങ്ങളിലെ കൈയൊപ്പ്
അതിനു പിന്നിൽ അങ്ങനെ രഹസ്യമൊന്നുമില്ല. ഒരു സിനിമയുടെ കഥ കേൾക്കുന്പോൾ അതിൽ എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാനെങ്ങനെയാണോ അങ്ങനെ ചിന്തിച്ചാണ് കേൾക്കുന്നത്. എന്നെക്കൊണ്ടു സാധിക്കുന്നതാണ്, എനിക്കു ചേരുന്നതാണെന്നു തോന്നുന്പോഴാണ് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്യുന്നത്. ആ ഒരു സ്പാർക്ക് വന്നില്ലെങ്കിൽ എനിക്കതു യോജിച്ചതല്ലെന്നു മനസിലാകും.
സിനിമ തിരഞ്ഞെടുപ്പിലുള്ള എന്റെ തിയറി അതാണ്. ഒരു സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് മുതൽ തന്നെ ഞാനിങ്ങനെയാണെങ്കിൽ ആ സാഹചര്യമെന്തെന്നു ചിന്തിക്കും. ഇപ്പോൾ തിയറ്ററിലെത്തിയ റോസാപ്പൂവിലെ രശ്മി എന്ന കഥാപാത്രം വന്നപ്പോഴും അതാണ് ഞാൻ ചിന്തിച്ചത്. ഞാനാണ് ആ സാഹചര്യത്തിലെങ്കിൽ എങ്ങനെയൊക്കെയാകാം പെരുമാറുന്നതും പ്രതികരിക്കുന്നതുമെന്ന്. ഓരോ കഥാപാത്രത്തിനുവേണ്ടിയും നൂറു ശതമാനം എഫോർട്ടു കൊടുക്കാനാണ് ശ്രമിക്കുന്നത്.
സ്റ്റാറുകൾക്കൊപ്പം അഭിനയിക്കുന്പോൾ
സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കുന്പോൾ ഒരു ഭയം എപ്പോഴുമുണ്ട്. ഇരൈവി ചെയ്യുന്ന സമയത്ത് വലിയ താരനിരയാണ് ചിത്രത്തിൽ. തമിഴിലുള്ള എന്റെ ആദ്യത്തെ മൾട്ടിസ്റ്റാർ ചിത്രമതാണ്. വിജയ് സേതുപതി, എസ് ജെ സൂര്യ, കർണ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെക്കുന്നത്.
അവരുടെ ഒപ്പം ചെയ്യുന്പോൾ നമ്മൾ ഒട്ടും കുറയരുതെന്ന ചിന്ത ആദ്യത്തെ കുറച്ചു ദിവസം എനിക്കു ടെൻഷൻ തന്നിരുന്നു. കാരണം വിജയ് സേതുപതിയുമായി കുറേ കോന്പിനേഷൻ സീനുകൾ എനിക്കുണ്ട്. അപ്പോൾ എന്റെ ഒറിജിനാലിറ്റി നഷ്ട്ടപ്പെട്ടതായി എനിക്കു തോന്നി. കഥാപാത്രത്തോടു നൂറു ശതമാനം സത്യസന്ധമാകാൻ കഴിയുന്നില്ല.
അപ്പോൾ ചിന്തിച്ചു, അവരുടെ റോൾ അവർ ചെയ്യുന്നുണ്ട്, എന്റേത് മികച്ചതാക്കേണ്ടത് ഞാനാണ്. അങ്ങനെ വരുന്പോൾ ആരു മികച്ചതെന്നല്ല, ആരൊക്കെ സിനിമയെ നന്നാക്കി എന്നതാണുകാര്യം. പിന്നെ ഇരൈവിയിലെ പൊന്നി എന്ന കഥാപാത്രം അത്തരത്തിൽ പ്രേക്ഷക ഇഷ്ടം നേടുന്ന ഒന്നായിരുന്നു.
ഗ്ലാമറിനോട് ഇഷ്ടം
ഗ്ലാമറസായി തുടങ്ങുന്നത് കലകലപ്പ് എന്ന സിനിമ ചെയ്യുന്ന സമയം മുതലാണ്. അത് ആ കഥാപാത്രത്തിനു വേണ്ടിയിരുന്നതാണ്. സേട്ടൈ ചെയ്യുന്പോൾ അതിൽ ഞാൻ ഒരു റിപ്പോർട്ടറാണ്. അപ്പോൾ ഗ്രാമീണ വേഷത്തിൽ എത്താൻ പറ്റില്ല. കഥാപാത്രത്തിന്റെ ലുക്ക് വളരെ പ്രാധാന്യമുള്ളതാണ്.
സാധാരണയിൽ നിന്നും കുറച്ചുകൂടി മോഡേണായിട്ടായിരിക്കും അവളുടെ സ്വപ്നത്തിൽ വരുന്നത്. കഥാപാത്രം ഡിമാൻഡു ചെയ്യുന്പോൾ അതു നമ്മൾ ചെയ്യുന്നു. കലകലപ്പ് മുതൽ അത്യാവശ്യം ഗ്ലാമറായി ചെയ്യുന്നുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ്.
അജിത്തിനും സൂര്യക്കുമൊപ്പം
മങ്കാത്തയിലാണ് അജിത്ത് സാറിനൊപ്പം അഭിനയിക്കുന്നത്. ഒരു കല്യാണ സീനിന്റെ ഷൂട്ടിംഗായിരുന്നു ആദ്യത്തെ രണ്ടു മൂന്നു ദിവസം. നായിക എന്നതിനപ്പുറം ഒപ്പം അഭിനയിക്കാൻ സാധിക്കുന്നതു തന്നെ ഏറെ സന്തോഷം നൽകുന്നതാണ്. പിന്നെ സിങ്കം 2-വിൽ സൂര്യ സാറിനൊപ്പം ഒരു പാട്ടിലാണ് എത്തിയത്. ഇനിയും മികച്ച വേഷങ്ങൾ അവർക്കൊപ്പം ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം.
അഭിനന്ദനമായി ബലൂണ്
തമിഴിൽ ഞാൻ ചെയ്ത ആദ്യത്തെ ഹൊറർ ചിത്രമായിരുന്നു ബലൂണ്. തെലുങ്കിൽ അതിനു മുന്പ് ഗീതാഞ്ജലി എന്നൊരു ഹൊറർ ചിത്രം ചെയ്തിരുന്നു. ഏറെ അഭിനന്ദനവും സംസ്ഥാന പുരസ്കാരവും ആ ചിത്രത്തിലൂടെ കിട്ടിയിരുന്നു. ബലൂണിലൂടെയാണ് തമിഴിൽ ഹൊറർ ചിത്രം ചെയ്യുന്നത്. പതിവു നായിക എന്നതിനപ്പുറം നമുക്കു ചെയ്യാൻ കുറച്ചേറെ സ്പേസുള്ളൊരു കഥാപാത്രമായിരുന്നു അത്.
ജയ് – അഞ്ജലി വിവാഹ വാർത്തകൾ
നിറയെ ഗോസിപ്പുകൾ അത്തരത്തിൽ വരുന്നുണ്ട്. ജയ് എന്റെ അടുത്ത മിത്രമാണ്. ഇത്തരത്തിലുള്ള ഗോസിപ്പുകൾക്കൊന്നും മറുപടി കൊടുക്കാൻ നിൽക്കാറില്ല. നമ്മൾ പറയാത്തൊരു കാര്യത്തിനു മറുപടി പറഞ്ഞു തുടങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കാൻ സമയം കിട്ടാതെ പോകും.
ഞാൻ അതൊന്നു ശ്രദ്ധിക്കാറില്ല. എന്റെ അഭിമുഖങ്ങൾ പോലും ഞാൻ ശ്രദ്ധിക്കില്ല. വീട്ടിൽ ഞാനിരിക്കുന്പോൾ പോലും എന്റെ അഭിമുഖങ്ങളൊക്കെ ടിവിയിൽ വന്നാൽ അതു കാണാറില്ല. അതു നന്നാക്കാമായിരുന്നല്ലോ എന്ന അനാവശ്യമായ ചിന്തവരും. ഞാൻ അഭിനയിച്ച സിനിമകൾ കാണുന്പോൾപോലും അതു തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഗോസിപ്പുകളൊന്നും എന്നെ ബാധിക്കുന്നില്ല എന്നതാണ് സത്യം.
കഥാപാത്രങ്ങളോട് ഏറെ ആഗ്രഹം
ഇതുവരെ അഭിനേത്രി എന്ന നിലയിൽ എനിക്കു പേരു തന്ന കഥാപാത്രങ്ങളാണ് ചെയ്തത്. ഇനിയും അത്തരത്തിൽ നല്ല കഥാപാത്രങ്ങളുമായി തുടരണമെന്നു കരുതുന്നു. അതു മലയാളമായാലും തമിഴായാലും തെലുങ്കായാലും ഭാഷാ വ്യത്യാസമില്ലാതെ ചെയ്യണം. തിയറ്ററിൽ സിനിമ കണ്ടു വെളിയിലെത്തുന്പോൾ അഞ്ജലി നന്നായിരുന്നു എന്നു പ്രേക്ഷകർ പറയണമെന്നു തന്നെയാണ് ആഗ്രഹം.
പുതിയ പ്രോജക്ടുകൾ
ഏറെ പ്രതീക്ഷയുള്ള പ്രോജക്ടാണ് മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ച പേരൻപ്. എന്റെ ആദ്യ സംവിധായകൻ റാം സാറിന്റെ ചിത്രമാണത്. സമുദ്രക്കനിയുടെ നാടോടികൾ-2 ആണ് കമ്മിറ്റ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം. തമിഴിൽ ഞാൻ ചെയ്യുന്ന ആദ്യ കേന്ദ്രീകൃത സിനിമയാണ് കാണ്പത് പൊയ്.
വളരെ ഇന്ററസ്റ്റിംഗായ ഒരു പ്രോജക്ടാണ്. എനിക്കു തന്നെ ചെയ്യണം എന്നു തോന്നിയിരുന്നു അതു കേട്ടപ്പോൾ. സ്റ്റൈലായ ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ഞാൻ ആദ്യമായി ആക്ഷൻ ചെയ്യുന്ന ചിത്രമാണത്. പിന്നെ ഒന്നു രണ്ടു ചിത്രങ്ങൾ കൂടി തമിഴിലും തെലുങ്കിലുമായി കമ്മിറ്റ് ചെയ്തിട്ടുണ്ട്.
കാലിയുടെ വിശേഷങ്ങൾ
കാലി സംവിധാനം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധിയാണ്. ഒരു സംവിധായികക്കൊപ്പം വർക്കു ചെയ്യുന്നത് ആദ്യമായാണ്. നല്ലൊരു കഥാപാത്രമണ് കാലിയിൽ ചെയ്യുന്നത്. സിനിമയ്ക്കു ശേഷവും എന്റെ നല്ലൊരു സുഹൃത്താണ് കിരു. വളരെ ശാന്തമായി തന്റെ സിനിമയെ ഒരുക്കുന്നയാളാണ് അവർ. വിജയ് ആന്റണിയാണ് കാലിയിൽ നായകനായി എത്തുന്നത്.