വടക്കഞ്ചേരി: നാട്ടിലെവിടെയും മദ്യശാലകൾ തുറക്കുന്നതോടെ കുടുംബങ്ങളുടെ തകർച്ചയ്ക്കൊപ്പം റോഡ് അപകടങ്ങൾ കുത്തനെ ഉയരുമെന്ന് വിലയിരുത്തൽ. ഇപ്പോൾ തന്നെ ബിവറേജസിന്റെ മദ്യശാലകൾ പ്രവർത്തിക്കുന്ന മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ ഉൾപ്പെടെ സന്ധ്യയാകുന്നതോടെ വാഹനയാത്ര ഭീതിതരമാണ്.
ഇരുചക്രവാഹനം ഓടിക്കുന്ന വലിയൊരു വിഭാഗം ആളുകളും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നത്. ഈയടുത്ത കാലത്തായി ഇവിടെയുണ്ടായിട്ടുള്ള വാഹനാപകടങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
കാർ യാത്രക്കാരും മറ്റു വലിയ വാഹനയാത്രക്കാരും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല. വൈകുന്നേരം ആറായാൽ പിന്നെ മദ്യംവാങ്ങാൻ പോകുന്നവരുടെയും മദ്യംവാങ്ങി അത് റോഡുവക്കിലെ ഏതെങ്കിലും കടകളിലോ ഊടുവഴിയിലോനിന്ന് മദ്യപിച്ച് പിന്നെ ബോധം നഷ്ടപ്പെട്ട നിലയിലാണ് വാഹനം ഓടിക്കുന്നത്. ഈ സമയം പോലീസിനും ചാകരയാണ്.
മദ്യപിച്ച് വാഹനം ഓടിച്ചുള്ള നിരവധികേസുകളും പോലീസിനു കിട്ടും. പെറ്റികേസുകൾ തികഞ്ഞില്ലെങ്കിൽ സന്ധ്യമയങ്ങുന്നതോടെ ഏതെങ്കിലും ബിവറേജസ് ഔട്ട്ലെറ്റിനോടു ചേർന്ന റോഡുകളിൽ വാഹനപരിശോധന നടത്തിയാൽ മതി.
അമിത മദ്യപാനംമൂലം കരൾരോഗികളാകുന്നവരുടെ എണ്ണവും പെരുകയാണ്. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള ജനവിഭാഗമാണ് അമിത മദ്യപാനംമൂലം നശിക്കുന്നത്. രോഗം പിടിപെട്ട് ചികിത്സയ്ക്കായി ഉള്ളതുവിറ്റാണ് പലരും ചികിത്സ നടത്തുന്നത്.