കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലി പുരോഗമിക്കുന്പോൾ ചിങ്ങവനം പുത്തൻപാലം നിവാസികൾ ആശങ്കയിലാണ്. തങ്ങളുടെ വഴി ഇല്ലാതാകുമോ എന്നതാണ് ഇവരുടെ ഭയം. കോട്ടയം നഗരസഭയെയും കുറിച്ചി പഞ്ചായത്തിനെയും വേർ തിരിക്കുന്ന അതിരാണ് പുത്തൻതോട്.
മുന്പ് ചിങ്ങവനം പഞ്ചായത്തായിരുന്നപ്പോൾ തോട് ശുചീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കിയിരുന്നതാണ്. ഇപ്പോൾ പാത ഇരട്ടിപ്പിക്കൽ ജോലി നടന്നു വരവേ കല്ലുമണ്ണും ഇട്ട് തോട് മൂടുന്ന അവസ്ഥയിലാണ്. മാത്രവുമല്ല തോടിന്റെ ഇരു കരകളിലും താമസിക്കുന്ന നൂറുകണക്കിന് ജനങ്ങൾക്ക് ഉണ്ടായിരുന്ന വഴിയും മുട്ടി.
പാത ഇരട്ടിപ്പിച്ചോട്ടെ, പക്ഷേ ഞങ്ങളുടെ വഴി എന്തിനാ അടയ്ക്കുന്നത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അടിയന്തരമായി വഴി നിർമിച്ചു നല്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. വാഹനങ്ങൾ കടന്നു പോകുന്ന തരത്തിലുള്ള അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ റെയിൽവേ അധികൃതരുമായി ചർച്ച നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്പോൾ അടിപ്പാത നിർമിച്ചു നല്കാമെന്ന് നേരത്തേ വാഗ്ദാനം നല്കിയിരുന്നതായി പറയുന്നു. ഇതിൽ നിന്ന് റെയിൽവേ പിൻവാങ്ങിയതാണ് നാട്ടുകാർ രംഗത്തിറങ്ങാൻ കാരണം. അടിപ്പാത നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.