കോട്ടയം: കോട്ടയത്തെ കണ്ട്രോൾ റൂം പോലീസിനെ വിളിക്കാനുള്ള ഫോണ് നന്പരുകളെല്ലാം പ്രവർത്തന രഹിതം. 100 എന്ന നന്പരിൽ വിളിച്ചാൽ ഒരിക്കലും കണ്ട്രോൾ റൂം പോലീസിനെ കിട്ടുകയില്ല. തിരക്കിലാണ് എന്ന മറുപടിയാണ് ലഭിക്കുക. അതല്ലെങ്കിൽ പ്രവർത്തന രഹിതം എന്നും.
മറ്റു രണ്ടും നന്പരുകൾ കൂടിയുണ്ടെങ്കിലും അതും പ്രവർത്തന രഹിതമാണ്. 2562034 , 6550400 എന്നീ നന്പരുകളും കണ്ട്രോൾ റൂമിനുണ്ട്. പക്ഷേ പലപ്പോഴും ഈ നന്പരുകളും കിട്ടാറില്ല. ഇന്നു രാവിലെ മുതൽ മണിക്കൂറുകൾ ശ്രമിച്ചിട്ടും ഒരു നന്പരും കിട്ടിയില്ല. ബിഎസ്എൻഎൽ തകരാർ ആണ് കാരണമെന്ന് സ്പെഷൽ ബ്രാഞ്ച് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
എന്തെങ്കിലും അത്യാഹിതമുണ്ടായാൽ 100 എന്ന നന്പരാണ് ജനങ്ങളുടെ മനസിലുള്ളത്. എന്നാൽ അതും ഇപ്പോൾ പ്രവർത്തന രഹിതം എന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തരമായ പരിഹാരമുണ്ടാക്കണമെന്ന് കോട്ടയത്തെ ജനങ്ങൾ ആവശ്യപ്പെടുന്നു.