മൂവാറ്റുപുഴ: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആനിക്കാട് കരയില്‍ ആരിക്കാപ്പിള്ളി വീട്ടില്‍ എ.ആര്. യദുകൃഷ്ണനാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ആവോലി ഭാഗത്തുവച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട് പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിന്തുടര്ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ.ഫൈസലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഷാഡോ എക്സൈസ് ടീമും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്.
ആനിക്കാട്, അടൂപ്പറമ്പ്, ആവോലി ഭാഗങ്ങളിലുള്ള യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത് യദുകൃഷ്ണനായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ഇയാൾ ഷാഡോ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ്, മയക്കുമരുന്നു തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 048528 36717, 9400069576 എന്നീ നമ്പരുകളില്‍ എക്സൈസിൽ അറിയിക്കാവുന്നതാണ്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഷാഡോ എക്സൈസ് ടീമംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഡി.സജീവന്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി.സജികുമാര്‍, എന്‍.എ.മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എം.കബീര്‍, വി. ഉന്മേഷ്, കെ.എ.റസാക്ക്, എം.യു.സാജു, എന്‍.കെ.മോഹനന് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.