തൃശൂർ മെഡിക്കൽ കോളജിലെ ഈ കാൻസർ വാർഡിൽ ചിരിയില്ല. വേദനകൊണ്ട് പുളയുന്പോൾ ചിരിക്കാൻ കഴിയില്ലല്ലോ. വേദനകൊണ്ട് പിടയ്ക്കുന്നവർക്ക് വേണ്ട റേഡിയേഷൻ ചികിത്സയെങ്കിലും നൽകിയിരുന്നുവെങ്കിൽ ചിരിക്കാനൊരു ശ്രമമെങ്കിലും ഈ പാവം രോഗികൾ നടത്തിയേനെ.
അങ്ങ് ഈ മഹാവ്യാധിയുടെ ചികിത്സാക്രമങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന വ്യക്തിയാണല്ലോ. മെഡിക്കൽ കോളജ് നിലകൊള്ളുന്ന ഭാഗത്തെ എംപിയല്ലെങ്കിലും ജനപ്രതിനിധിയെന്ന നിലയിൽ തൃശൂർ മെഡിക്കൽ കോളജിലെ റേഡിയേഷൻ യന്ത്രത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികളിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ…എല്ലാം ശരിയാക്കാം എന്നാണ് മറുപടിയെങ്കിൽ ക്ഷമിക്കണം.
കിലുക്കത്തിലെ കിട്ടുണ്ണി പറഞ്ഞപോലെ..ഇത് കുറേ കേട്ടിട്ട്ണ്ട്… എന്ന് ഞങ്ങൾക്കും പറയേണ്ടി വരും. ഇനി വാഗ്ദാനമല്ല സർ, ഇടപെലും പ്രവർത്തിയുമാണ് വേണ്ടത്. കാൻസർ വാർഡിലെ ചിരി എന്ന അങ്ങയുടെ പുസ്തകം വായിച്ച് വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിച്ചവരാണ് ഇവർ. ഇവർക്ക് വേണ്ടത് ഹൈടെക് ചികിത്സയോ സൗകര്യങ്ങളോ അല്ല… വളരെ പരിമിതമായ ചികിത്സയും സൗകര്യങ്ങളും മാത്രമാണ്…
കേടുവന്ന റേഡിയേഷൻ മെഷിന് പകരം പുതിയൊരെണ്ണം എത്തിക്കാൻ, കേടായ മെഷിന്റെ കേടു കണ്ടെത്തി അറ്റകുറ്റപ്പണി നടത്താതെ നല്ല രീതിയിൽ കേടുപാടുകൾ തീർക്കാൻ ജനപ്രതിനിധിയെന്ന നിലയിൽ താങ്കളാൽ കഴിയും വിധം എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ…പ്ലീസ് സാർ… അതെല്ലാം സാധ്യമായാൽ ഇവിടെയും ചിരിപടരും..കാൻസർ വാർഡിലെ ചിരി പുസ്തകത്തത്താളിൽ നിന്നും യാഥാർത്ഥ്യമാകട്ടെ…