കോഴിക്കോട്: ഫാറൂഖ് കോളേജ് വിദ്യാര്‍ഥിനികളെ വസ്ത്രധാരണത്തിന്റെ പേരില്‍ അശ്ലീല രീതിയില്‍ ചിത്രീകരിച്ച് അപമാനിച്ച അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ‘വത്തക്ക’ മാര്‍ച്ച് നടത്തി. എസ്എഫ്ഐ ‘ മാതൃകം’ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 11.30 ന് ഫാറൂഖ് ട്രെയ്നിംങ് കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. ഫാറൂഖ് കോളേജ് മേലാവാരത്ത് നിന്നും മാര്‍ച്ച് ആരംഭിച്ചമാര്ച്ച് കോളജ് ഗേറ്റിനുമുന്നില്‍ അവസാനിച്ചു.ഇന്ന് രാവിലെ എബിവിപി പ്രവര്‍ത്തകരും കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
കോളജിലെ മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെ അശ്ലീലം കലര്‍ന്ന ചേരുവകള്‍ ചേര്‍ത്ത് ഉപമിച്ചും അധിക്ഷേപിച്ചും ഫാറൂഖ് കോളേജ് മാനേജ്മെന്റിന് കീഴിലെ ട്രെയിനിംഗ് കോളജിലെ അധ്യാപകന് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്. പെണ്‍കുട്ടികള്‍ പര്‍ദയും മഫ്തയും ധരിച്ച് ശരീരം പ്രദര്‍ശിപ്പിക്കുകയാണെന്നും അടിയില്‍ ലഗിന്‍സ് ധരിച്ച് പര്‍ദ പൊക്കിപ്പിടിച്ച് നടക്കുന്നുവെന്നും പ്രസംഗത്തില്‍ അധിക്ഷേപിക്കുന്നു.
മഫ്തക്ക് പകരം ഷാള്‍ ചുറ്റുകയാണ്. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന പെണ്ണിന്റെ മാറിടം കാട്ടാനാണ് തുടങ്ങി പെണ്‍കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കടന്നാക്രമിക്കുന്ന വിധത്തില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. പെണ്‍കുട്ടികളുടെ ശരീരഭാഗത്തെ വത്തക്കയോട് ഉപമിച്ചാണ് അധ്യാപകന് പ്രസംഗിച്ചത്.
ഇതില്‍ പ്രതിഷേധിച്ചാണ് വത്തക്കമാര്ച്ച് സംഘടിപ്പിക്കുന്നത്. ഒരു സംഘടന സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അധ്യാപകന് വഴിവിട്ട രീതിയില്‍ പ്രസംഗിച്ചതെന്നാണ് വിവരം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന് , ഡിവൈഎഫ്ഐ എന്നീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധം കനത്തതോടെ അധ്യാപകനെതിരേ നടപടിഉണ്ടായേക്കുമെന്ന സൂചനയും ഉണ്ട്. ്