കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരൻ. കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ “കിളികളല്ല, കഴുകൻമാർ’ ആണെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തുപോകാത്തവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു. വികസനവിരുദ്ധൻമാർ മാരീചവേഷം പൂണ്ടുവരികയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കുന്നതിനെതിരേയാണ് കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി പ്രവർത്തകർ സമരം ചെയ്യുന്നത്. വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ സമരപന്തൽ തീയീട്ടു നശിപ്പിച്ചിരുന്നു.
ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിർമിക്കുന്നതിനു പിന്നിൽ തളിപ്പറന്പിലെ സിപിഎം-കോണ്ഗ്രസ്-മുസ്ലിം ലീഗ് കൂട്ടായ്മയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണെന്നാണ് വയൽക്കിളികളുടെ ആരോപണം. തളിപ്പറന്പ് ടൗണിൽ ദേശീയപാത വീതികൂട്ടാൻ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപ്പാസ് പണിയാൻ തീരുമാനിച്ചത്.