തലശേരി: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് അധികൃതർ റദ്ദാക്കി.
അണ്ടല്ലൂർ – പെരളശേരി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഹരി ബസ് ഡ്രൈവർ മുതിയങ്ങയിലെ പരിമടത്തിൽ മാറോളി പി. നിഖിലിന്റെ ലൈസൻസാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റിയാസ് സസ്പെൻഡ് ചെയ്തത്.
യാത്രക്കാർ ആവശ്യപ്പെട്ടിട്ടും മൊബൈൽ ഫോണിലെ സംസാരം തുടർന്നപ്പോൾ യാത്രികരിൽ ഒരാൾ ദൃശ്യം പകർത്തി നവമാധ്യമങ്ങളിൽ ഇടുകയായിരുന്നു. പലതവണ ഡ്രൈവറോട് ഫോൺ വിളിച്ച് ബസ് ഓടിക്കരുതെന്ന് പറഞ്ഞിട്ടും ഡ്രൈവർ കൂട്ടാക്കാതെ അപകടകരമാം വിധം ഫോൺ വിളിച്ച് നല്ല സ്പീഡിൽ ഡ്രൈവ് ചെയ്യുകയാണ് ഉണ്ടായതെന്നും കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ ചിരിച്ചു തള്ളിയെന്നും ഉള്ള കുറിപ്പോടെയാണ് ദൃശ്യം നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.