വാളയാർ: സംസ്ഥാന അതിർത്തിയിൽ വൻ മയക്കുമരുന്നു വേട്ട. 40 കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാടിനടുത്ത പേരകം സ്വദേശി രാജേഷി (47)നെയാണ് കാറിൽ കടത്തിയ 36 കിലോ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.
ഇന്നലെ രാവിലെ സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള എക്സൈസ് പരിശോധനയിലാണ് കാർ പിടിയിലായത്. ആന്ധ്രപ്രദേശിൽനിന്ന് എറണാകുളത്തേക്കാണ് ഇവ കൊണ്ടുപോയിരുന്നത്. കഞ്ചാവ് ലായനിരൂപത്തിലാക്കി മിശ്രിതം ചേർത്ത് ഹാഷിഷ് ഓയിലാക്കിയശേഷം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചാണു കടത്തിയത്.
അസിസ്റ്റന്റ് കമ്മീഷണർ എം.എസ്. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിർത്തി വഴിയുള്ള മയക്കുമരുന്നു കടത്തു തടയാൻ എക്സൈസ് പരിശോധന ഉൗർജിതമാക്കിയിരുന്നു. അടുത്തിടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.