വടക്കഞ്ചേരി: കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് കുതിരാനിലെ തുരങ്കപ്പാത നിർമാണപ്രവൃത്തികൾ നിർത്തിവച്ച് മൂന്നാഴ്ച പിന്നിടുന്പോഴും പണികൾ പുനരാരംഭിക്കാനുള്ള നടപടി ഇപ്പോഴും അനിശ്ചിതത്വത്തിൽ. പണം ലഭിച്ച് 22ന് പണികൾ ആരംഭിക്കാനാകുമെന്ന് തുരങ്കപ്പാത നിർമാണം നടത്തുന്ന പ്രഗതി എൻജിനീയറിംഗ് കന്പനി പ്രതീക്ഷ പ്രകടിപ്പിക്കുന്നതല്ലാതെ അതിന് വ്യക്തത വരുത്താൻ അധികൃതർക്ക് കഴിയുന്നില്ല.
തുരങ്കപ്പാതകൾ ഉൾപ്പെടെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതനിർമാണം കരാർ എടുത്തിട്ടുള്ള ഹൈദരാബാദിലെ കഐംസി കന്പനി, മുംബൈ ആസ്ഥാനമായുള്ള പ്രഗതി എൻജിനീയറിംഗ് കന്പനിക്ക് സബ് കരാർ നല്കിയാണ് കുതിരാനിൽ തുരങ്കപ്പാതകൾ നിർമിക്കുന്നത്.പ്രവൃത്തികളുടെ പുരോഗതിക്ക് അനുസരിച്ച് മെയിൻ കരാർ കന്പനിയായ കെഎംസി പ്രഗതിക്ക് ആവശ്യമായ പണം യഥാസമയം നല്കണം
. എന്നാൽ ഈ കരാറിൽ വീഴ്ച വന്നിരിക്കുകയാണ്. ഇപ്പോൾ തന്നെ കഐംസി 40 കോടി രൂപ തങ്ങൾക്ക് നല്കാനുണ്ടെന്നാണ് പ്രഗതി കന്പനി പറയുന്നത്. ഇത്രയും ഉയർന്ന തുക ലഭിക്കാനിരിക്കേ ഇനിയും അഡ്വാൻസായി പണം ഇറക്കി തുരങ്കപ്പാത നിർമാണം നടത്താനാകില്ലെന്ന നിലപാടിലാണ് പ്രഗതി കന്പനി. കൂടാതെ പ്രഗതി കന്പനി ഹിമാചൽപ്രദേശിൽ മറ്റൊരു തുരങ്കപ്പാത നിർമാണവും ആരംഭിച്ചു.
അതിനാൽ മെഷിനറികളും ലേബർഫോഴ്സും ഇനി അവിടേയ്ക്കും മാറ്റേണ്ടതുണ്ട്. കേരളത്തിൽ തിരുവനന്തപുരുത്തും പുതിയ വർക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രഗതി കന്പനി പറഞ്ഞു. തുരങ്കപ്പാത നിർമാണം മൂന്നാഴ്ചയിലേറെയായി നിർത്തിവച്ചതുമൂലം ഭീമമായ നഷ്ടമാണ് കരാർ കന്പനികൾക്കു ഉണ്ടാകുന്നത്.
ഇരുന്നൂറോളം ജീവനക്കാർ പണിയില്ലാതെ കുതിരാനിൽ കഴിയുകയാണ്. ഇവരുടെ ശന്പളവും ഭക്ഷണവും താമസസൗകര്യങ്ങളും ചെലവേറിയതാണ്. പണികൾ അനിശ്ചിതത്വത്തിലായതോടെ പ്രഗതി കന്പനി എംഡിയും ഇപ്പോൾ സ്ഥലത്തില്ല. തുരങ്കത്തിലെ തൊഴിലാളികളും മറ്റു ജീവനക്കാരുമെല്ലാം ദിവസവും രാവിലെ മുതൽ വൈകുന്നേരംവരെ സ്ഥലത്ത് കുത്തിയിരുന്നു മടങ്ങുന്നു.
അതേസമയം പ്രധാന കരാർ കന്പനിയായ കഐംസിയും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. പാതവികസനത്തിനായി വായ്പ നല്കികൊണ്ടിരുന്ന ബാങ്കുകളുടെ കണ്സോർഷ്യവും ഇപ്പോൾ വായ്പനല്കുന്നില്ലെന്ന് പറയുന്നു. തുടക്കത്തിൽ ലഭ്യമായ വായ്പകൾ വകമാറ്റി ചെലവഴിച്ചതും കരാർ കന്പനിക്ക് ഇപ്പോൾ തിരിച്ചടിയായി.
തുരങ്കപ്പാത മുടങ്ങി ആഴ്ചകളേറെയായിട്ടും ഇക്കാര്യത്തിൽ നാഷണൽ ഹൈവേ അഥോറിറ്റിയോ സംസ്ഥാന സർക്കാരോ എംപിമാരോ പ്രശ്നത്തിൽ വേണ്ടവിധം ഇടപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.