അയിലൂർ: ഓഫീസ് ആവശ്യത്തിനുള്ള മുഴുവൻ വൈദ്യുതിയും ഉണ്ടാക്കി അയിലൂർ ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നു. ഗ്രാമപഞ്ചായത്ത് പദ്ധതിപ്രകാരം ആറുലക്ഷം രൂപ വകയിരുത്തിയാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. അനർട്ടിന്റെ സഹായത്തോടെ കെൽട്രോണാണ് പണി പൂർത്തീകരിച്ചത്. ഇരുനിലകളിലായി പ്രവർത്തിക്കുന്ന ഓഫീസിലേക്കുള്ള മുഴുവൻ വൈദ്യുതിയും നിലവിൽ സോളാറിൽ നിന്നാണ് ഉപയോഗിക്കുന്നത്.
അഞ്ചുകിലോ വാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. സോളാറിൽനിന്നു വൈദ്യുതി ഉപയോഗിച്ചു തുടങ്ങിയതോടെ നിലവിലുള്ള വൈദ്യുതിചാർജ് മൂന്നിലൊന്നായി ചുരുങ്ങി. അടുത്ത സാന്പത്തികവർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ പറഞ്ഞു.