പുനലൂർ: പുനലൂരിന് ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭ്യമാക്കാൻ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. 90 ദിവസത്തിനകം മുനിസിപ്പൽ മേഖലയ്ക്ക് മീനാട് പദ്ധതിയിൽ നിന്ന് നിത്യേന അഞ്ച് എംഎൽഡി ജലം ലഭിക്കും.
മീനാട് പദ്ധതിയുടെ പനങ്കുറ്റിമലയിലെ ജല ശുദ്ധീകരണ പ്ലാന്റിൽ നിന്ന് പുനലൂരിലെ ജലവിതരണ പദ്ധതിയുടെ പ്രധാന ജലസംഭരണിയിലേക്ക് ശുദ്ധജലം നിറയ്ക്കും. ഇവിടെ നിന്ന് എല്ലാ വാർഡുകളിലേക്കും സമൃദ്ധമായി വിതരണം ചെയ്യും. ഉയരമേറിയ സ്ഥലങ്ങളിലും ഇനി വെള്ളം യഥേഷ്ടം ലഭിക്കും. ഇതോടെ ഇപ്പോൾ നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
ജപ്പാൻ പദ്ധതിയിൽ നിന്ന് പുനലൂരിനും ശുദ്ധജലം ലഭിക്കുകയെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. ഇത് യാഥാർഥ്യമാക്കാൻ നഗരസഭ ഇതിനകം വാട്ടർ അതോറിറ്റിയിൽ നാല് കോടി അടച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഒരു കോടിയാണ് ഈ സ്വപ്ന പദ്ധതിക്ക് വാട്ടർ അതോറിറ്റിയിൽ നൽകിയത്.
തൊളിക്കോട് പുനലൂർ വാട്ടർ സപ്ലൈ സ്കീമിന്റെ ലൈനിലേക്ക് ജപ്പാൻ പദ്ധതിയുടെ പൈപ്പ് ബന്ധിപ്പിച്ച് വെള്ളം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ 35 വർഷം പഴക്കമുള്ള പൈപ്പുകളായതിനാൽ ജലവിതരണ ഘട്ടത്തിൽ പൈപ്പുപൊട്ടൽ പതിവായി. ഇതൊഴിവാക്കാനാണ് പ്രധാന പൈപ്പ് ലൈൻ മാറ്റി ഡക്ട് അയൺ പൈപ്പിടുന്നത്.
തൊളിക്കോടു മുതൽ തൂക്കുപാലം ഭാഗം വരെ പൈപ്പിടുന്നതിന് ഒന്നര കോടിയാണ് കരാർ നൽകിയിരിക്കുന്നത്. തൂക്കുപാലം മുതൽ ജലസംഭരണി വരെ പൈപ്പിടാൻ 89 ലക്ഷം വാട്ടർ അതോറിറ്റിയിൽ അടച്ചു. തൂക്കുപാലം മുതൽ തൊളിക്കോട് വരെ പൈപ്പ് മാറ്റൽ ഉടൻ തുടങ്ങും. വേനൽക്കാലത്ത് കല്ലടയാറ്റിലെ ജലനിരപ്പ് കുറയുമ്പോൾ പമ്പ് വെല്ലിൽ നിന്ന് ജലം പമ്പ് ചെയ്തെടുക്കാൻ കഴിയാറില്ല. ഇത് മൂലം നിലവിൽ പുനലൂരിലെ ജലവിതരണം എല്ലാ വാർഡുകളിലും കാര്യക്ഷമമല്ല.
മീനാട് പദ്ധതിയിൽ നിന്ന് 90 ദിവസത്തിനകം വെള്ളം ലഭ്യമാകുന്നതോടെ അടുത്ത പത്ത് വർഷത്തേക്ക് പുനലൂരിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുമെന്നും ഭാവിയിൽ പുനലൂരിന് പുതിയ ജലവിതരണ ബൃഹത്പദ്ധതി നടപ്പാക്കാൻ അനുമതിക്കായിരൂപരേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ പറഞ്ഞു.