ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ അവസാനവട്ട നിർമാണ ജോലികൾ ആരംഭിച്ചു. പടിഞ്ഞാറെനട മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് അടച്ച് കന്പിപ്പാലത്തിനു സമീപം പൈപ്പിടൽ പ്രവൃത്തി ആരംഭിച്ചു. ഒൻപത് മാൻഹോളുകളുടെ നിർമാണവും സൈഡ് ചേംബർ സ്ഥാപിക്കലും ഏതാനും ദൂരം പൈപ്പുകൾ സ്ഥാപിക്കലുമാണ് ഇനി ചെയ്യാനുള്ളത്.
രണ്ടാഴ്ച കൊണ്ട പണികൾ തീർക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാഴ്ച പടിഞ്ഞാറെനട മുതുവട്ടൂർ റോഡ് അടച്ചിടും.
ഗുരുവായൂർ ഉത്സവം കഴിഞ്ഞ് മാർച്ച് ഒൻപതിന് പണികൾ ആരംഭിക്കാൻ കളക്ടറുടെ യോഗത്തിൽ തീരുമാനമായെങ്കിലും 10 ദിവസം വൈകി ഇന്നലെയാണു പണികൾ തുടങ്ങിയത്. റോഡ് അടയ്ക്കുന്നതു മുൻകൂട്ടി അറിയിക്കുമെന്നും പറഞ്ഞി രുന്നു.
എന്നാൽ ഇതൊന്നും പാലിക്കാതെ ഇന്നലെ രാവിലെ പത്തരയോടെ റോഡ് അടച്ചതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. മമ്മിയൂർ ഭാഗത്ത് ഏറെ നേരം ഗതാഗത തടസവുമുണ്ടായി. പണികൾ പൂർത്തിയാക്കി മേയ് ആദ്യവാരം പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണു ജല അഥോറിറ്റിയുടെ പ്രഖ്യാപനം.
2011 ൽ ആരംഭിച്ച പൈപ്പിടൽ പദ്ധതിയാണ് ഏഴുവർഷമായിട്ടും പൂർത്തീകരിക്കാനാകാതെ ഇഴഞ്ഞു നീങ്ങുന്നത്. ഇതിനിടെ കമ്മീഷൻ ചെയ്യാൻ പല തിയതികളും പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനങ്ങളെല്ലാം പാഴ്്വാക്കാകുകയായിരുന്നു. വാട്ടർ അഥോറിറ്റിയുടെ അവസാന പ്രഖ്യാപനമെങ്കിലും നടക്കുമോയെന്ന് അറിയാൻ കാത്തിരിക്കുകയാണു ജനങ്ങൾ.