പയ്യന്നൂര്‍: ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ഥിനിയുടെ ആഭരണം കവര്‍ന്നു.കുഞ്ഞിമംഗലം പാണച്ചിറമേലിലെ ഒഴികണ്ടത്തില്‍ രവീന്ദ്രന്റെ മകള്‍ മമതയുടെ(19) കൈച്ചെയിനാണ് കവര്‍ന്നത്.ഇന്നു പുലര്‍ച്ചെ 3.45നാണ് സംഭവം. പയ്യന്നൂരിലെ ഏവിയേഷന്‍ അക്കാഡമിയിലെ വിദ്യാര്‍ഥിനിയായ മമത ജനലരികിലെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു.
ജനൽ തുറന്ന നിലയിലായിരുന്നു. മമതയുടെ കൈച്ചെയിൻ തന്ത്രത്തില്‍ അഴിച്ചെടുത്ത മോഷ്ടാവ് കഴുത്തിലുണ്ടായിരുന്ന മാലയും മുറിച്ചെടുത്തു. ഇതിന് ശേഷം മാല ഊരിയെടുക്കാനുള്ള ശ്രമത്തില്‍ ഞെട്ടിയുണര്‍ന്ന വിദ്യാര്‍ഥിനി ഒച്ചവെച്ച് അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു.
ശബ്ദം കേട്ട് പിതാവ് രവീന്ദ്രനും ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.കാറ്റ് കടക്കാനായി തുറന്നിട്ടിരുന്ന ജനലിനോട് ചേര്‍ന്നുള്ള മുകളിലെ വെന്റിലേഷനിലൂടെ കയ്യിട്ടാണ് അടച്ചിട്ടിരുന്ന ജനല്‍പാളി തുറന്ന് അതിലൂടെ മോഷണം നടത്തിയത്.വിവരമറിഞ്ഞയുടനെയെത്തിയ പയ്യന്നൂര്‍ എഎസ്ഐ ടോമിയുടെ നേതൃത്വത്തിലൂള്ള പോലീസ് സംഘം പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും മോഷ്ടാവിനെ കണ്ടെത്താനായില്ല.