നാദാപുരം: കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തുടങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് പദ്ധതി വാണിമേല്‍ പഞ്ചായത്ത് ഉപക്ഷിച്ചു. ഇതോടെ വാണിമേല്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ 21 ലക്ഷം രൂപ നഷ്ടമായി.ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പണി നടത്തിപ്പില്‍ ക്രമക്കേടുള്ളതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്കിയതിനാല് ഒരു വര്‍ഷത്തോളം പ്രവൃത്തി നിലച്ചിരുന്നു. ഇതിനായി വകയിരുത്തിയ തുക മാറ്റി ചെലവഴിക്കാതെ കാത്തിരുന്നതിനാലാണ് പദ്ധതി വിഹിതം നഷ്ടമായത്.
വാണിമേല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ വാണിമേല്‍ പാലത്തിനുസമീപം പുഴയോട് ചേര്‍ന്ന സ്ഥലത്ത് കുട്ടികള്‍ക്കുള്ള വിനോദ കേന്ദ്രമായി പാര്‍ക്ക് സ്ഥാപിക്കാന്‍ എന്‍.കെ.മൂസ്സ പ്രസിഡന്റായിരിക്കുമ്പോഴാണ് പദ്ധതി ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിക്ക് 21 ലക്ഷം രൂപയും വകയിരുത്തി.
പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായി തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഫോര്‍ഡ് എന്ന സ്ഥാപനത്തെ നിശ്ചയിച്ചു. എന്നാല്‍ കോസ്റ്റ് ഫോര്‍ഡിനെ തന്നെ നിര്‍വഹണ ഏജന്‍സിയാക്കിയത് ഗുരുതരമായ ക്രമക്കേടാണെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.
പദ്ധതിക്കു വേണ്ടി ഇതുവരെ ചെലവഴിച്ച നാല് ലക്ഷത്തില്‍ അധികമായി നല്കിയ തുക തിരിച്ചുപിടിക്കാനും പുതിയ ഏജന്‍സിക്ക് നല്കി ക്രമക്കേടില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികളെടുക്കാനുമായിരുന്നു വിജിലന്‍സ് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ഇതിനായി വകയിരുത്തിയ ഫണ്ട് മാറ്റി ചെലവഴിക്കാതെ കാത്തിരുന്നതാണ് പഞ്ചായത്തിന് വിനയായത്. ലോകബാങ്കില്‍നിന്നുള്ള ഫണ്ടില്‍ നിന്നായിരുന്നു പാര്ക്കിന് പണം കണ്ടെത്തിയത്.ലോക ബാങ്ക് ഫണ്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തോടെ അവസാനിച്ചു.
ഇതാടെയാണ് പദ്ധതിക്ക് നീക്കിവച്ച 17 ലക്ഷം രൂപ നഷ്ടമായത്. പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗവും തീരുമാനമെടുത്താല്‍ ലോക ബാങ്ക് ഫണ്ട് മാറ്റി ചെലവാക്കാന്‍ അവസരമുണ്ടായിരിക്കെയാണ് പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനത്തിനു ഉപയോഗിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടമായത്.