നായ്പിഡോ: രോഹിംഗ്യൻ അഭയാർഥികൾക്കിടയിലെ സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ മ്യാന്മറിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും ചുറ്റിപ്പറ്റിയാണ് ‘വലവീശൽ” നടക്കുന്നതെന്നാണ് വിവരം.
കുടുംബത്തിലെ അംഗങ്ങൾ കൊല്ലപ്പെട്ടതിനേത്തുടർന്ന് മറ്റ് രാജ്യത്തേക്ക് അഭയം തേടേണ്ടി വന്ന 14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ബംഗ്ലാദേശിലേക്കെത്താൻ വഴിതേടിയെ തന്നെ വാനിലെത്തിയ വനിതകൾ സഹായിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നുവെന്നും പിന്നീട് വാഹനത്തിലേക്കെത്തിയ രണ്ട് പുരുഷന്മാർ ചേർന്ന് തന്നെ പീഡിപിച്ചുവെന്നും പെൺകുട്ടി പറഞ്ഞു. എതിർപ്പ് പ്രകടിപ്പിച്ച തനിക്ക് മാരകമായ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്നുമാണ് പെൺകുട്ടിയുടെ രഹസ്യമായവെളിപ്പെടുത്തൽ.
പീഡന സംഭവങ്ങൾ രോഹിംഗ്യൻ ക്യാംപുകളിൽ ഇപ്പോൾ സർവസാധാരണമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സഹായ ഹസ്തങ്ങളുമായെത്തുന്നവരാണ് സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികത്തൊഴിലാളികളാക്കുന്നതെന്നാണ് വിവരം.