കോട്ടയം: കീടനാശിനികളുടെ ഇറക്കുമതി നിരോധിക്കുന്നതിന്റെ ചുവടുപിടിച്ച് 684 ഇനം സാധനങ്ങളുടെ ഇറക്കുമതി കൊച്ചി തുറമുഖംവഴി നടത്താൻ പാടില്ലെന്ന് ഉത്തരവ്. ഇതു സംസ്ഥാനത്തെ ഡസൻകണക്കിനു ചെറുകിട വ്യവസായങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ചെന്നൈ, മുംബൈ തുറമുഖങ്ങൾ വഴി മാത്രമേ സമുദ്രമാർഗം വരുന്ന കീടനാശിനികൾ ഇറക്കുമതി ചെയ്യാവൂ എന്ന നിർദേശത്തെത്തുടർന്നാണ് ഇത്. കീടനാശിനികൾക്കു പുറമേ തീപിടിക്കാവുന്നതോ പൊട്ടിത്തെറിക്കാവുന്നതോ വിഷാംശമുള്ളതോ ആയ സാധനങ്ങളും ചേർത്താണ് അപായകാരികളായ 684 ഇനം സാധനങ്ങളുടെ പട്ടിക. ഇതിൽ വലിയപങ്കും വിവിധ ഉത്പന്ന നിർമാണങ്ങൾക്കുവേണ്ട അസംസ്കൃത പദാർഥങ്ങളാണ്.
ഇവ കൊച്ചി തുറമുഖമുഖത്തുകൂടി ഇറക്കുമതി ചെയ്യാനാവില്ലെന്നു വന്നതോടെ ഇറക്കുമതിക്കാർ ചെന്നൈ, മുംബൈ തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇതുമൂലം ചെറുകിട വ്യവസായികൾ വളരെക്കൂടുതൽ ചരക്കുകടത്തുകൂലി നല്കേണ്ടിവരുന്നു. സമയനഷ്ടം പുറമെ. കൊച്ചി തുറമുഖത്തിന്റെ വരുമാനവും ഇതുവഴി കുറയും.
അമോണിയ, ആസ്ഫാൾട്ട്, ബെൻസീൻ, ബ്യൂട്ടാഡിയൻ, കാത്സ്യം കാർബൈഡ്, കാർബൺ മോണോക്സൈഡ്, ക്ലോറിൻ, ക്ലോറോഫോം, ചെന്പും അതിന്റെ സംയുക്തങ്ങളും ഈതൈൽ ആൽക്കഹോൾ, എത്തിലിൻ, ഫ്ലോറിൻ, ഫോർമാൽഡിഹൈഡ്, ഫോർമിക് ആസിഡ്, ഹൈഡ്രജൻ, അയഡിൻ, എൽപിജി, മീതൈൽ ആൽക്കഹോൾ, നാഫ്ത, നിക്കോട്ടിൻ, നൈട്രിക് ആസിഡ്, ദ്രവ ഓക്സിജൻ, പാരഫിൻ, ഫിനോൾ, ഫോസ്ഫറസ്, ഫോസ്ഫോറിക് ആസിഡ്, പൊട്ടാസ്യം ക്ലോറേറ്റ്, സോഡിയം, സൾഫ്യൂരിക് ആസിഡ്, ടൈറ്റാനിയം പൗഡർ, ടൊളുവിൻ തുടങ്ങിയവയൊക്കെ നിരോധിത ഇനങ്ങളിൽപ്പെടുന്നു.
കേരള പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നിർദേശമനുസരിച്ചു നിരോധനവിവരം കൊച്ചി കസ്റ്റംസ് ഓഫീസ് ഈ മാസമാദ്യം പരസ്യപ്പെടുത്തി. നിരോധനത്തിനു മുന്പു വന്ന ചരക്കുകളും ഇതുമൂലം ഇറക്കുമതി ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത്.