മല്ലപ്പള്ളി : താലൂക്ക് ആശുപത്രി ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളും ആരംപുളിക്കൽ സിഎംഎസ് എൽപി സ്കൂളിലെ സോഷ്യൽ സർവീസ് ലീഗും ചേർന്ന് രൂപീകരിച്ച കരുണ ഓട്ടോ ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ രണ്ടുവർഷം പിന്നിടുന്നു.
സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ ഓടിക്കുന്ന ഇവർ അവരുടെ മാസത്തിലെ ഒരു ദിവസത്തെ വേതനം നിർധനരായ കാൻസർ, കിഡ്നി രോഗികൾക്ക് നൽകുന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം. അതോടൊപ്പം മെഡിക്കൽ ക്യാന്പുകൾ, ശൂചീകരണപ്രവർത്തനങ്ങൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടത്തുന്നു.
താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ആരംപുളിക്കൽ സിഎംഎസ് എൽപി സ്കൂളിലെ സോഷ്യൽ സർവീസ് ലീഗും പ്രവർത്തനങ്ങളിൽ പൂർണപങ്കാളിത്തം വഹിക്കുന്നു. സ്കൂളിലെ പ്രധാനാധ്യാകൻ തോമസ് കെ. ഏബ്രഹാമാണ് രക്ഷാധികാരി.രണ്ടാം വാർഷികം ആഘോഷിക്കുന്പോൾ സംഘടനയ്ക്ക് ഒരു ആബുലൻസ് ലഭിച്ചു.
സ്കൂളിലെ പൂർവ വിദ്യാർഥിയും സമീപവാസിയുമായ ജോയി ഐസക്കാണ് ഇത് നല്കിയിരിക്കുന്നത് 24നു വൈകുന്നേരം അഞ്ചിനു നടക്കുന്ന വാർഷിക സമ്മേളനത്തിൽ പ്രമുഖ സിനിമ സീരിയൽ താരം കിഷോർ സത്യ ആംബുലൻസിന്റെ താക്കോൽദാനം നിർവഹിക്കും. സമ്മേളനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുകോശിപോൾ ഉദ്ഘാടനം ചെയ്യും.