കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി! രാഹുല്‍ഗാന്ധിക്ക് തലവേദനയായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം മേധാവി രമ്യ സ്പന്ദനയുടെ അമ്മ രഞ്ജിത

കര്‍ണാടകയില്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കാത്തിരുന്ന കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി. സ്ഥാനാര്‍ത്ഥിത്വമാണ് വിഷയം. സ്ഥാനാര്‍ഥികളാകാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം പാര്‍ട്ടിയില്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ പ്രതീക്ഷ കൂടിയ സാഹചര്യത്തിലാണ് നിരവധി പേര്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തെത്തിയിട്ടുള്ളത്.

നിരവധി പ്രാദേശിക നേതാക്കള്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി ഈ ആവശ്യം ഉന്നയിച്ചത് രഞ്ജിതയാണ്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി രമ്യ ദിവ്യസ്പന്ദനയുടെ അമ്മയാണ് രഞ്ജിത. മാണ്ഡ്യ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്നെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സീറ്റ് വേണമെന്ന് മാത്രമല്ല രഞ്ജിതയുടെ ആവശ്യം.

മകള്‍ രമ്യയ്ക്ക് സംസ്ഥാനത്ത് അര്‍ഹമായ പദവി പാര്‍ട്ടിയില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നും രഞ്ജിത വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ തന്റെ ആവശ്യം അറിയിച്ചിട്ടുണ്ട്. അവര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത പറഞ്ഞു.

കഴിഞ്ഞ 28 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്നുവരെ ഒരു അംഗീകാരവും തനിക്ക് ലഭിച്ചിട്ടില്ല. ഇതില്‍ ദുഖമുണ്ട്. ആദ്യമായിട്ടാണ് ഒരാവശ്യം നേതാക്കളോട് ഉന്നയിക്കുന്നത്. അവര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്ക് വേണ്ടി സുപ്രാധന ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് മകള്‍ രമ്യ. മാണ്ഡ്യയിലെ ജനങ്ങള്‍ക്ക് ബോധ്യമാകുന്നതും ഉപകാരപ്പെടുന്നതുമായ തരത്തില്‍ രമ്യയ്ക്ക് അര്‍ഹമായ പദവി നല്‍കണം. എന്നാല്‍ അമ്മയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ രമ്യ തയ്യാറായിട്ടുമില്ല.

അതേസമയം, രഞ്ജിത ഉള്‍പ്പെടെയുള്ളവരുടെ ആവശ്യങ്ങളില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുമെന്നാണ് കര്‍ണാടകയിലെ നേതാക്കള്‍ പ്രതികരിച്ചത്. 2013ല്‍ രമ്യ മാണ്ഡ്യ ലോക്സഭാ സീറ്റില്‍ മത്സരിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രമ്യ പക്ഷേ, തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീടാണ് രമ്യയെ സോഷ്യല്‍ മീഡിയ മേധാവിയാക്കിയത്. രമ്യയുടെ സോഷ്യല്‍മീഡിയ വൈദഗ്ധ്യത്തിലൂടെയാണ് കോണ്‍ഗ്രസ് അടുത്തകാലത്തായി നേട്ടങ്ങളിലേയ്ക്കടുക്കുന്നതെന്നതും ഏറെ ചര്‍ച്ചയായ വിഷയമാണ്. രമ്യയെയും അമ്മയെയും പിണക്കാനാവാത്തതിനാല്‍ പെട്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Related posts