കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ച കാര്യത്തിൽ ഇന്നു രാവിലെ നടന്ന യോഗത്തിൽ അന്തിമ തീരുമാനമായില്ല.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
പുൽത്തകിടിക്ക് (ടർഫ്) പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ക്രിക്കറ്റും ഫുട്ബോളും ഒരുമിച്ചു നടത്താമെന്ന നിലപാടാണ് ജിസിഡിഎ മുന്നോട്ടു വച്ചത്. മുൻപ് ഇങ്ങനെ മത്സരം നടത്തിയിട്ടുണ്ടെന്നും ക്രിക്കറ്റ് നടത്തിയ ശേഷം ഫുട്ബോളിനായി ഒരുക്കി നൽകാമെന്നു കെസിഎയും വ്യക്തമാക്കി. ക്രിക്കറ്റും ഫു്ടബോളും നടക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നു കെഎഫ്എയും നിലപാട് അറിയിച്ചപ്പോൾ പ്രതിഷേധം ഉയർത്തിയ കേരള ബ്ലാസ്റ്റേഴ്സും യോഗത്തിൽ എതിർപ്പ് ഉന്നയിച്ചില്ല.
ക്രിക്കറ്റിനായി ടർഫ് പൊളിച്ചാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് അറിയാൻ ജിസിഡിഎ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതിനു ശേഷം മാത്രമേ വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
മത്സരം കൊച്ചിയിൽ നടക്കുമെന്ന പ്രതീക്ഷയാണ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പങ്കുവെച്ചത്. വിവാദമുണ്ടാക്കി കളി നടത്തില്ലെന്നു രാവിലെ കെസിഎ വ്യക്തമാക്കിയിരുന്നെങ്കിലും ക്രിക്കറ്റ് നടത്തുന്നതിൽ ഇന്നത്തെ യോഗത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് എതിർപ്പ് ഉയരാത്തതാണ് മത്സരം കൊച്ചിയിൽ നടക്കാനുള്ള സാധ്യത ഉയർത്തിയത്.
സംസ്ഥാന സർക്കാരിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും. മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാൻ ഇന്നലെ കായിക മന്ത്രി എ.സി. മൊയ്തീൻ നിർദേശം വച്ചിരുന്നെങ്കിലും ഇന്നത്തെ യോഗത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നിലപാട് ഇനിയും അറിയാനുണ്ട്. മത്സരം കൊച്ചിയിൽ വേണ്ടെന്ന് സർക്കാർ പറഞ്ഞാൽ വേദി മാറ്റുമെന്നു ജിസിഡിഎയും കെസിഎയും വ്യക്തമാക്കി.