കൊച്ചി: നഗരവികസനം ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ ആരംഭിച്ച സ്മാർട് സിറ്റി പദ്ധതിയുടെ കൊച്ചി നഗരത്തിലെ നിർമാണ പ്രവൃത്തികൾ മേയിൽ ആരംഭിക്കും. നഗരത്തിലെ ജംഗ്ഷനുകളുടെ ആധുനിക നവീകരണം, ബഹുനില പാർക്കിംഗ് കെട്ടിടം തുടങ്ങി ഗതാഗത മേഖലയിൽ ഉണർവേകുന്ന പദ്ധതികൾ ഉൾപ്പെടെയാണു നിർമാണം ആരംഭിക്കാനൊരുങ്ങുന്നത്.
74.9 കോടി രൂപയുടെ നാലു പദ്ധതികൾക്കു കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ടെൻഡർ വിളിച്ചു. ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, എൽഇഡി തെരുവുവിളക്ക് പദ്ധതി, സൈക്കിൾ ഷെയറിംഗ്, സ്മാർട് ക്ലാസ് റൂം പദ്ധതികൾക്കാണു ടെൻഡർ ക്ഷണിച്ചത്. ഇവയുടെ ടെൻഡർ ഏപ്രിൽ പകുതിക്കുള്ളിൽ സമർപ്പിക്കണം.
സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്മാർട് പോൾ, ബഹുനില പാർക്കിംഗ് പദ്ധതികൾക്കു താൽപര്യപത്രവും ഇതോടൊപ്പം ക്ഷണിച്ചു. ഈ പദ്ധതികളുടെയെല്ലാം നിർമാണം മേയ് മാസത്തോടെ ആരംഭിക്കുമെന്നു സിഎസ്എംഎൽ ചെയർമാൻ മുഹമ്മദ് ഹനീഷ് അറിയിച്ചു. കച്ചേരിപ്പടിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അരയേക്കറോളം വരുന്ന സ്ഥലത്താണ് പാർക്കിംഗ് സൗകര്യത്തോടെയുള്ള ബഹുനില കെട്ടിടം വരുന്നത്. ഏഴു നിലകളിലായുള്ള സമുച്ചയത്തിൽ 100 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
ട്രാഫിക് നിരീക്ഷണത്തിന്ഒറ്റസംവിധാനം
കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട 25 ജംഗ്ഷനുകളിലെ ഗതാഗത സംവിധാനം സംയോജിതമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനമാണു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനൊരുങ്ങുന്നത്. ട്രാഫിക് നിരീക്ഷണവും നിയന്ത്രണവും ഒറ്റ സംവിധാനത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയാണു ലക്ഷ്യം. പോലീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമാൻഡ് കണ്ട്രോൾ സെന്ററിലാവും ട്രാഫിക് നിയന്ത്രണത്തിന്റെ ഏകോപനം വരിക.
ഇതുവഴി ഗതാഗതത്തിരക്കിനനുസൃതമായി ഓരോ ജംഗ്ഷനുകളിലെയും സിഗ്നൽ സംവിധാനത്തിലെ സമയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒറ്റ കേന്ദ്രത്തിലിരുന്ന നിയന്ത്രിക്കാനാകും. സിഗ്നൽ കാത്ത് ഒരുപാട് സമയം കിടക്കേണ്ടി വരുന്നത് ഇതുവഴി ഒഴിവാക്കാം. തേവരയിലോ നോർത്തിലോ ആകും കമാൻഡ് കണ്ട്രോൾ യൂണിറ്റ് സ്ഥാപിക്കുക.
നഗരത്തിൽ സൈക്കിൾ സവാരി പ്രോൽസാഹിപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) സഹകരണത്തോടെ നടപ്പാക്കുന്ന സൈക്കിൾ ഷെയറിംഗ് പദ്ധതി, നഗരത്തിലെ 30 സർക്കാർ സ്കൂളുകളിൽ 100 സ്മാർട് ക്ലാസ് റൂമുകൾ, ആധുനിക നടപ്പാത, കേബിൾ പോസ്റ്റുകൾക്ക് പകരം സ്മാർട്ട് പോളുകൾ, ബഹുനില പാർക്കിംഗ് സൗകര്യത്തോടു കൂടിയ വാണിജ്യസമുച്ചയം തുടങ്ങിയവയാണ് മറ്റു പദ്ധതികൾ.
സ്മാർട് സിറ്റിയുടെ ഭാഗമായി കെഎംആർഎൽ ഏറ്റെടുത്ത് നടത്തുന്ന എറണാകുളം ബോട്ട് ജെട്ടി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള ആധുനിക നടപ്പാത പദ്ധതി നിർമാണത്തിലാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയാക്കേണ്ട പദ്ധതി, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലാണു വൈകിയത്. പോസ്റ്റൽ വകുപ്പിന്റെയും സാഹിത്യ പരിഷത്തിന്റെയും സ്ഥലങ്ങൾ വിട്ടുകിട്ടേണ്ടതായുണ്ട്. എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കേന്ദ്രവിഹിതം 194 കോടി സംസ്ഥാന വിഹിതം 200 കോടി
സ്മാർട് സിറ്റിക്കായി കൊച്ചിക്ക് 194 കോടി രൂപ കേന്ദ്രവിഹിതമായി കിട്ടിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വിഹിതമായ 200 കോടിയും നഗരസഭ വിഹിതമായ 3.72 കോടിയും സിഎസ്എംഎൽ അക്കൗണ്ടിലുണ്ട്. അടുത്ത കേന്ദ്രവിഹിതം കിട്ടണമെങ്കിൽ ഈ തുകയുടെ 75 ശതമാനമെങ്കിലും വിനിയോഗിക്കണം. അതായത് 300 കോടിയുടെ പദ്ധതികളെങ്കിലും നടപ്പാക്കിയാലേ അടുത്ത ഗഡു ലഭിക്കുകയുള്ളു. നിലവിൽ മഹാരാജാസ് ജെട്ടി നടപ്പാതയുടെ നിർമാണം മാത്രമേ കേന്ദ്രത്തിനു മുന്നിൽ എടുത്തുപറയത്തക്കതായി ഉള്ളു.