കോഴിക്കോട്: പി.വി. അന്‍വർഎംഎൽഎയുടെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മേല്‍ നടപടി തുടങ്ങി.
എംഎല്‍എയുടെ അമ്യൂണ്‍സ്മെന്റ് പാര്‍ക്ക് സംബന്ധിച്ച നിയമലംഘനങ്ങളെകുറിച്ചാണ് രണ്ടുദിവസത്തിനകം അന്വേഷണവുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല. പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ട്. ഇവ പൊളിച്ചു മാറ്റണം.
പാര്‍ക്ക് നിര്‍മാണത്തില്‍ അംഗീകരിച്ച പ്ലാനില്‍ വ്യത്യാസമുണ്ടായതായും കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്കിനോട് ചേര്‍ന്ന് അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുണ്ടെന്നും കളക്ടര്‍ സ്ഥിരീകരിച്ചു. നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദ്ശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്‍വറിന്റെ ഭൂമിയില്‍ വനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണ വിധേയമായ പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഫെബ്രുവരിയില്‍ രഹസ്യപരിശോധന നടത്തിയിരുന്നു.
സമുദ്രനിരപ്പില്‍നിന്നും 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സംസ്ഥാനത്തെ ദുര്‍ബല മേഖലകളില്‍ എംഎല്‍എയുടെ പാര്‍ക്ക് സ്ഥിതിചെയ്യുന്ന താമരശേരി താലൂക്കും പെടുന്നു.
അപകട സാധ്യതാ മേഖലയായി പ്രഖ്യപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിര്‍മാണ പ്രവൃത്തിയും പാടില്ല. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മഴക്കുഴി പോലും പാടില്ലെന്ന് പറയുന്നിടത്ത് പക്ഷേ രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത്.