ചക്കിട്ടപാറ: ഒരാഴ്ചക്കാലമായി പണി പൂർത്തിയായ റോഡ് ഭാഗം തുറന്നുകൊടുക്കാൻ മുഹൂർത്തം നോക്കി അധികൃതർ. ചക്കിട്ടപാറ അങ്ങാടിയിൽ കുളത്തുവയൽ സ്കൂൾ റോഡാണു പഞ്ചായത്തധികൃതർ അടച്ചുവച്ചിരിക്കുന്നത്. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ 120 മീറ്റർ ഭാഗമാണ എട്ട്ലക്ഷം വകയിരുത്തി ഗ്രാമപഞ്ചായത്ത് കോൺക്രീറ്റിട്ടു നന്നാക്കിയത്.
ആശുപത്രി, സ്കൂളുകൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ, എന്നിവയിലേക്കെല്ലാം പോകേണ്ട റോഡാണു അടച്ചുവച്ചിരിക്കുന്നത്. നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. കുളത്തുവയൽ സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളടക്കം ക്ലേശിക്കുകയാണ്.
പ്രസിഡന്റ് – വൈസ് പ്രസിഡന്റുമാരുടെ പടങ്ങളോടുകൂടിയ ഫ്ലക്സ്ബോർഡ് റോഡിനു നടുക്ക് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ തടസങ്ങൾ എടുത്തു മാറ്റി റോഡ് ഇന്നു തന്നെ ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. ഉദ്ഘാടനം പഞ്ചായത്തിന്റെ സൗകര്യം പോലെ എപ്പോൾ വേണമെങ്കിലും നടത്താമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.