മലപ്പുറം: എടിഎം തട്ടിപ്പിൽ കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് സ്വദേശിയായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനും തെളുവുകൾ ശേഖരിക്കാനുമായി കസ്റ്റഡിയിൽ വാങ്ങും. വെരിഫിക്കേഷനെന്നും മറ്റും പറഞ്ഞ് വിവിധ ബാങ്കുകളുടെ ഹെഡ് ഓഫീസുകളിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് എടിഎം കാർഡ് നന്പറും ഒടിപി വിവരങ്ങളും ചോദിച്ചറിഞ്ഞ് പണം തട്ടുന്ന സംഘത്തിലെ ജാർഖണ്ഡ് ജാംതാര ജില്ലയിലെ പട്രോദി സ്വദേശി ബദ്രി മണ്ടലി (22)നെയാണ് പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തത്.
ജാർഖണ്ഡ് ജയിലിൽ സമാനമായ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്നു. നേരത്തെ മുഖ്യപ്രതി ആശാദേവിയെ ജാർഖണ്ഡിൽ നിന്നും അറസ്റ്റ് ചെയ്ത് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. സമാനമായ കേസിൽ കേരളത്തിൽ തന്നെ ആദ്യമാണ് പ്രതികൾ പിടിയിലാവുന്നത്.
കഴിഞ്ഞ നവംന്പറിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി സ്വദേശിയായ യുവാവിനെ പ്രതികൾ വിളിച്ച് എടിഎം വിവരങ്ങൾ ചോദിച്ചറിഞ്ഞ് നിങ്ങളുടെ എടിഎം കാർഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും അത് അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി ഇപ്പോൾ ഫോണിലേക്ക് വന്ന ഒടിപി നന്പർ പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടത് വിശ്വസിച്ച പരാതിക്കാരൻ പറഞ്ഞുകൊടുക്കുകയും അതോടെ പരാതിക്കാരന്റെ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയുമായിരുന്നു.
മഞ്ചേരി ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ സ്പെഷ്യൽസ്ക്വാഡ് അംഗങ്ങളായ പി.ബൈജു, എൻ.എം.അബ്ദുല്ല ബാബു, എസ്എ മുഹമ്മദ് ഷാക്കിർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.ഡൽഹി, ബാംഗ്ലൂർ, ജാംതാര തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ തട്ടിപ്പുകൾ അരങ്ങേറുന്നതെങ്കിലും ഓണ്‍ലൈൻ തട്ടിപ്പുകൾക്ക് ഇരകൾ ആവുന്നത് കൂടുതലും മലയാളികൾ ആണെന്ന്് അന്വേഷണസംഘം പറഞ്ഞു.
പ്രഫഷണൽ ബിരുദധാരികൾ വരെ പട്ടികയിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. പിടിക്കപ്പെടാൻ സാധ്യത കുറവെന്നതും പിടിക്കപ്പെട്ടാലും ജാമ്യം ലഭിക്കാൻ സാധ്യത കൂടുതലാണെന്നതും തട്ടിപ്പ് വർധിക്കാൻ കാരണമാകുന്നു. ഇപ്പോൾ വൻ ഇടപാടുകളടക്കം ബാങ്ക് അക്കൗണ്ടിലൂടെ നടക്കുന്നതും ഇവർക്ക് തട്ടിപ്പിന് കൂടുതൽ സഹായകമാവുന്നുണ്ട്.