തളിപ്പറമ്പ്: വയല്‍ക്കിളി സമരനായകന് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ അക്രമം. ജനല്പാളികളുടെ മൂന്ന് ചില്ലുകള്‍ അക്രമത്തില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം. കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തെ ഇരുനില വീടിന്റെ താഴെ നിലയിലെ മുറിയില്‍ സുരേഷും മകനും മുകളിലെ നിലയില്‍ ഭാര്യയും മകനും ഉറങ്ങുകയായിരുന്നു.
പെട്ടെന്ന് ചില്ലു പൊട്ടുന്ന ശബ്ദം കേട്ട് ഞെട്ടിയ സന്തോഷ് രണ്ട് ബൈക്കുകള്‍ ഓടിച്ചുപോകുന്നത് കേട്ടതായി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാവലുണ്ടായിരുന്ന പോലീസ് പട്രോളിംഗ് നടത്താന്‍ പോയപ്പോഴായിരുന്നു അക്രമമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. വിവരമമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയങ്കിലും അക്രമികളെ കണ്ടെത്താനായില്ല.
ബൈക്ക് പ്ലാത്തോട്ടം ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന വിവരം ലഭിച്ചത് പ്രകാരം വഴിയിലെ ഒരു വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഒന്നരയോടെ രണ്ട് ബൈക്കുകള്‍ കീഴാറ്റൂര്‍ ഭാഗത്തേക്ക് പോയ ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് പോലീസ് നിലപാട്.
അക്രമം നടത്തിയത് സിപിഎം ആണെന്ന് പറയാന്‍ തെളിവുകള്‍ ഇല്ലെങ്കിലും ഭയപ്പെടുത്തി കീഴടക്കാമെന്ന് ആര് കരുതിയാലും നടക്കാന്‍ പോകുന്നില്ലെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്തുവന്നാലും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമത്തിന് പിന്നില്‍ മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് -ബിജെപി സംഘമാണെന്ന് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന് ആരോപിച്ചു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സംഭവത്തെ സിപിഎം അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എസ്എഫ് ഐ നേതാക്കളെ വധിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ ആര്‍എസ്എസ് സംഘം കീഴാറ്റൂരില്‍ വയല്‍ക്കിളി സമരനേതാക്കളായ രണ്ടുപേരെ വധിക്കാന്‍ ശ്രമിച്ചതായി പോലീസിന് മൊഴിനല്‍കിയതും ഇന്നത്തെ സംഭവവും ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ കീഴാറ്റൂരിലെത്തുന്ന ബിജെപി നേതാക്കള്‍ക്ക് സുരേഷിന്റെ വീട് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതിന്റെ വഴിയൊരുക്കലാണ് അക്രമമെന്നും പി.മുകുന്ദന് പറഞ്ഞു. സുരേഷിന്റെ വീട് സന്ദര്ശിക്കുന്നകാര്യം പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പി.മുകുന്ദന് വ്യക്തമാക്കി.