കോട്ടയം: നഗരത്തിലെ ബസ്സ്റ്റാൻഡുകളിലും ബസ്സ്റ്റോപ്പുകളിലും വരെ പോക്കറ്റടി സംഘങ്ങൾ വിലസുന്നു. സ്ത്രീ മോഷ്ടാക്കളാണ് ഏറെയും നഗരത്തിൽ ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ ദിവസം തിരുനക്കര ബിഎസ്എൻഎൽ ഓഫീസിനു മുന്നിലെ ബസ്സ്റ്റോപ്പിൽ നിന്ന യുവതിയുടെ ബാഗിൽ നിന്ന് മുപ്പതിനായിരം രൂപ കവർച്ച ചെയ്തു.
ബസ് കാത്തു നിന്ന യുവതിക്കൊപ്പം മുട്ടിയുരുമ്മി നിന്ന സ്ത്രീയാണ് ബാഗിന്റെ സിബ്ബ് തുറന്ന് പണം തട്ടിയെടുത്തത്. യുവതി ബസിൽ കയറി ടിക്കറ്റെടുക്കാൻ ബാഗിൽ നോക്കിയപ്പോൾ സിബ്ബ് തുറന്നു കിടക്കുന്നു. അപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇതുപോലെ തിരക്കേറിയ ബസുകളിൽ ബാഗിൽ നിന്ന് പണം തട്ടിയെടുക്കാൻ അതി വിദഗ്ധരായ സ്ത്രീ മോഷ്്ടാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവഞ്ചൂർ സ്വദേശിയുടെ നാലു ലക്ഷവും മുട്ടുചിറ സ്വദേശിയുടെ 38,000 രൂപയും തട്ടിയെടുത്തത് സ്ത്രീ മോഷ്ടാക്കളാണെന്നാണു പോലീസ് സംശയിക്കുന്നത്. മുൻപ് നാടോടികളെ കണ്ടാൽ ബസിൽ പോലും കയറ്റാതെ പോകുമായിരുന്നു. ഇപ്പോൾ മോഷ്ടാക്കൾ വേഷം അടിമുടി മാറി. ഇവരെ തിരിച്ചറിയാൻ പ്രയാസമാണ്.
വിലകൂടിയ സാരിയും മറ്റും ധരിച്ചാണ് ഇവർ എത്തുന്നത്. കണ്ടാൽ കുലീനയാണെന്നു തോന്നും. പക്ഷേ ബസിലെ തിരക്കിൽ ഞൊടിയിടക്കുള്ളിൽ ബാഗിന്റെ സിബ്ബ് തുറന്ന് പണം മോഷ്ടിക്കാൻ വിരുതുള്ളവരാണ്. മോഷണം നടത്തിയാൽ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി സ്ഥലം വിടുകയും ചെയ്യും. മിക്കവാറും ഓട്ടോറിക്ഷകളിലാണ് സഞ്ചരിക്കുക. രണ്ടോ മൂന്നോ കിലോമീറ്റർ കഴിഞ്ഞാൽ ഓട്ടോ മാറും. ഇതൊക്കെയാണ് ഇവരുടെ തന്ത്രം.
മോഷണം നടന്നുവെന്നു വ്യക്തമായാൽ വളരെ പെട്ടെന്ന് പോലീസ് രംഗത്തിറങ്ങിയാൽ മാത്രമേ ഇവരെ പിടികൂടാൻ കഴിയുകയുള്ളൂ. ഏതാനും വർഷം മുൻപ് കുറവിലങ്ങാട്ട് ഇതേ രീതിയിൽ മോഷണം നടത്തിയ ഒരു സംഘത്തെ പോലീസ് പിൻതുടർന്ന് പിടികൂടിയിരുന്നു. അന്ന് അവിടത്തെ ഓട്ടോ ഡ്രൈവർമാരാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.
അയർക്കുന്നത്തു നിന്നു കയറിയ യാത്രക്കാരിയുടെ നാലു ലക്ഷം കവർന്ന സ്ത്രീ ഒരു പക്ഷേ മണർകാട്ട് ഇറങ്ങി കിഴക്കോട്ടുള്ള ഓട്ടോയിലാവും പോവുക. മണർകാട് ബസ് സറ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഒരു പക്ഷേ ബസിൽ നിന്നിറങ്ങിയ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. അവിടത്തെ ഓട്ടോറിക്ഷക്കാരിൽ നിന്നും യാത്രക്കാരികളെ സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാവും.
ഇതൊക്കെ വളരെ പെട്ടെന്നു ചെയ്തില്ലെങ്കിൽ പ്രതികൾ തമിഴ്നാട്ടിലെത്തും. അതല്ലെങ്കിൽ പോലീസ് പിടികൂടാത്ത രീതിയിൽ ഒളിവിൽ പോകാൻ സാധിക്കും.പോലീസ് ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഇത്തരം മോഷ്ടാക്കളെ വലയിലാക്കാൻ കഴിയൂ. മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബസ്സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും മഫ്തിയിൽ പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.