മരട്: വാഹന പരിശോധനക്കിടെ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴയടച്ച തുകയ്ക്ക് രസീത് ആവശ്യപ്പെട്ടയാൾക്കെതിരേ പോലീസ് കേസെടുത്തതായി പരാതി. മരട് അയിനിനട സീതാപറമ്പിൽ ജോൺസനാണ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്കു പരാതി നൽകിയത്. പോലീസിന്റെ കൃത്യ നിർവഹണത്തിൽ തടസം നിന്നു, പൊതുജന മധ്യത്തിൽ പരസ്യമായി ആക്ഷേപിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളതെന്ന് പരാതിക്കാരൻ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞു വരികയായിരുന്ന ജോൺസനെ മരട് എസ്ഐ സാജു പോളാണ് വാഹന പരിശോധനക്കിടെ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിച്ചത്. പിഴയായി 500 രൂപ നൽകിയെങ്കിലും രസീത് നൽകിയില്ലെന്നു ജോൺസൺ പറയുന്നു.
പൊതു പ്രവർത്തകനായ തന്റെ വാഹനത്തിന്റെ താക്കോൽ പോലീസ് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. വീട്ടിൽപോയി രേഖകളുമായി വന്നപ്പോഴേക്കും ബൈക്ക് മരട്സ്റ്റേഷനിലേക്കു കൊണ്ടുപോയിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വാഹനം ഇനി കോടതിയിൽനിന്നു വാങ്ങിയാൽ മതിയെന്നായി പോലീസെന്ന് ജോൺസൺ പറയുന്നു.
തനിക്കെതിരേ കേസെടുത്ത് കൂടെ എത്തിയ ആളുടെ ജാമ്യത്തിലാണ് വിട്ടയച്ചത്. അതേ സമയം, മാലപൊട്ടിക്കൽ സംഭവങ്ങൾ നടക്കുന്നതിനാൽ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നുവെന്നും, ഹെൽമറ്റ് വയ്ക്കാതെ വണ്ടി ഓടിച്ചതിനു പെറ്റിക്കേസാണ് ഇയാൾക്കെതിരേ എടുത്തതെന്നും എസ്ഐ സാജു പോൾ പറഞ്ഞു.
വിലാസവും വാഹന സംബന്ധമായ രേഖകളും ചോദിച്ചപ്പോൾ നൽകിയില്ല. 100 രൂപ പിഴ അടക്കാൻ പറഞ്ഞപ്പോൾ പോലീസിനെ പരസ്യമായി ആക്ഷേപിക്കുയും കൃത്യ നിർവഹണത്തിൽ തടസം നിൽക്കുകയും ചെയ്തു. ഇതിനാലാണ് നിയമ നടപടിയുടെ ഭാഗമായി വാഹനം സ്റ്റേഷനിലേക്കു കൊണ്ടുപോയതെന്നും എസ്ഐ പറഞ്ഞു.