മലപ്പുറം: ബാലനീതിനിയമ പ്രകാരം പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള കുട്ടികളെ താമസിപ്പിക്കുന്ന ബാല സംരക്ഷണ സ്ഥാപനങ്ങൾക്കു ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സണ് കൂടിയായ എ.പി ഉണ്ണികൃഷ്ണൻ ബാലനീതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഞ്ചു വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് കാലാവധി.
ജില്ലയിലെ 113 ബാല സംരക്ഷണ സ്ഥാപനങ്ങളിൽ 77 സ്ഥാപനങ്ങൾ ഇതുവരെ രജിസ്ട്രേഷനു വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബാലനീതിനിയമ പ്രകാരം അനാഥാലയങ്ങൾക്കു (ബാല സംരക്ഷണ സ്ഥാപനങ്ങൾ) രജിസ്ട്രേഷൻ നടത്താനുള്ള സമയം മാർച്ച് 31 വരെ നീട്ടി. സ്ഥാപനങ്ങൾ മെച്ചപ്പെട്ട പ്രവർത്തനം കുട്ടികൾക്കു ഉറപ്പുവരുത്തുന്നതിനും കുട്ടികളുടെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ബാലനീതി നിയമത്തിന്റെ പരിധിയിൽ സ്ഥാപനങ്ങളെ കൊണ്ടുവന്നിട്ടുള്ളതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ബാലസദനങ്ങൾക്കു നിയമമനുശാസിക്കുന്ന ഗവണ്മെന്റ് തലത്തിലുള്ള സഹായ സഹകരണങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ പഞ്ചായത്ത് ബാലസദനങ്ങൾക്കൊപ്പമുണ്ടാകുമെന്നും കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം സമൂഹത്തിനു മാതൃകയാകണമെന്നും അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു.
ബാലനീതിനിയമ പ്രകാരം എങ്ങനെയാണ് സ്ഥാപനം പ്രവർത്തിക്കേണ്ടത്, കുട്ടികളുടെ ഉത്തമ താല്പര്യം സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം, സ്ഥാപനത്തിന്റെ മാനേജ്മെന്റ് കമ്മിറ്റി പ്രവർത്തനം, സ്ഥാപനത്തിലേക്കു കുട്ടികൾക്കുള്ള പ്രവേശനം നൽകുന്നതിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമീർ മച്ചിങ്ങൽ ക്ലാസെടുത്തു.
കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നു സംരക്ഷിക്കുന്ന നിയമവും ബാലസംരക്ഷണ സ്ഥാപനങ്ങളും വിഷയത്തിൽ പ്രൊട്ടക്ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹും ക്ലാസെടുത്തു. ഓർഫനേജുകൾ ഉൾപ്പെടെയുള്ള മലപ്പുറം ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളിലെ മാനേജമെന്റ് കമ്മിറ്റി അംഗങ്ങൾ, സ്ഥാപന മേലധികാരികൾ എന്നിവർ പങ്കെടുത്തു.