കോഴിക്കോട്: കീഴാറ്റൂരിൽ വയൽനികത്തിയുള്ള ദേശീയപാത ബൈപ്പാസ് നിർമാണത്തിനെതിരായ വയൽക്കിളികളുടെ സമരത്തിനോടു ഐഎൻടിയുസിക്ക് താൽപര്യമില്ലെന്ന് ഐഎൻടിയുസി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷനുമായ ആർ. ചന്ദ്രശേഖരൻ.
ശ്രദ്ധ പിടിച്ചുപറ്റാൻ വികസനവിരുദ്ധ സമരം നടത്തുന്നവർ തൊഴിലാളികളല്ല. തൊഴിൽ പ്രശ്നം ഉന്നയിച്ചല്ല കീഴാറ്റൂരിൽ സമരം നടത്തുന്നത്. അവർക്ക് അവരുടേതായ താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വികസനത്തിന് റോഡുകൾ അത്യാവശ്യമാണെന്നിരിക്കെ അതിനായി ഭൂമി ഏറ്റെടുക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. റോഡ് വരുന്നതിനെ തടസപ്പെടുത്തി ഒരു കൂട്ടം ആളുകൾ ചേർന്ന് സമരം നടത്തുന്നതിനോട് യോജിക്കുന്നില്ല. അത്തരം സമരങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു സംഘടനയ്ക്കും മുന്നോട്ടുപോവാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.