കോട്ടയം: ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവത്തിൽ മണർകാട് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കഞ്ചാവ് വാങ്ങാൻ എത്തുമെന്നു അറിയിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയെ പിടികൂടുന്നതിനു വേണ്ടിയാണു മണർകാട് പോലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരുകിലോഗ്രാം കഞ്ചാവുമായി പൊൻകുന്നം ഭഗവതി ക്ഷേത്രത്തിനു സമീപം കൊറ്റാരത്തിൽ ബിബിൻ (21) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇയാളുടെ മൊബൈൽ ഫോണിന്റെ കോൾ ലിസ്റ്റും വാട്സ് ആപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചുവരികയാണ്. വാട്സ് ആപ്പ് ചാറ്റിംഗിലുടെയാണു ഇയാൾ ഏറ്റുമാനൂർ സ്വദേശിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. കഞ്ചാവ് വില്പനയ്ക്കും കൈമാറ്റത്തിനും മാത്രമായി നിരവധി വാട്സആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുള്ളതായും പോലീസ് പറഞ്ഞു.
വടവാതൂരിനടുത്ത് തേന്പ്രവാൽകടവിൽ നിന്നുമാണു ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണു 1.08 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്. ആദ്യം പൊൻകുന്നത്തുവച്ചാണു കഞ്ചാവ് കൈമാറാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം അവിടെ നിന്നും കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു.
ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നിരവധിയാളുകൾ പൊൻകുന്നത്തും സമീപ പ്രദേശങ്ങളിലും എത്തി കഞ്ചാവ് കൈമാറ്റം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് പരിശോധന നടത്തുന്നുണ്ടെന്ന കാര്യം മനസിലാക്കിയ ബിബിൻ ഉടൻ കഞ്ചാവ് കൈമാറുന്നതിനായി ഏറ്റുമാനൂർ സ്വദേശിയോടു വടവാതൂർ തേന്പ്രാൽക്കടവിൽ എത്താൻ നിർദേശിക്കുകയായിരുന്നു.
ഈ ഭാഗങ്ങളിൽ പാടശേഖരങ്ങളായതിനാൽ മിക്കപ്പോഴും വിജനമായി കിടക്കുകയാണ്. ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ എസ്പി ഇമ്മാനുവൽ പോളിന്റെ നിർദ്ദേശാനുസരണം മണർകാട് എസ്എച്ച് ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ പോലീസ് മഫ്തിയിൽ എത്തിയാണ് ബിബിനെ കുടുക്കിയത്.
മഫ്തിയിൽ സ്വകാര്യ കാറിൽ എത്തിയ പോലീസ് സമീപത്ത് കാത്തുകിടക്കുകയായിരുന്നു. പാടത്ത് മോട്ടോർ ഓപ്പറേറ്റർ എന്ന നിലയിൽ കൈലിയുടുത്ത് എത്തിയ പോലീസുകാരൻ കഞ്ചാവ് വിൽപനക്കാരനെ കണ്ടെത്തി ആളാണെന്നു ഉറപ്പിച്ച് പിടിച്ചു നിർത്തി. ഉടൻ പോലീസ് എത്തി വളഞ്ഞ് തന്ത്രപരമായി പിടികൂടുകയായിരുന്നു. എന്നാൽ കഞ്ചാവ് വാങ്ങാൻ എത്തുമെന്ന അറിയിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയെ പിടികൂടാൻ കഴിഞ്ഞില്ല.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾക്കു കഞ്ചാവ് നല്കിയതു തേനി സ്വദേശിയാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബിബിനെതിരെ പീരുമേട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.
കഞ്ചാവ് കൈമാറ്റങ്ങളും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നു പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി മണർകാട് എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് പറഞ്ഞു.