കൊച്ചി: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വിശാല കൊച്ചിയേയും പ്രാന്തപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതിയിലെ ആദ്യ ബോട്ട് 2019 മേയിൽ നീറ്റിലിറക്കും. പദ്ധതിക്ക് സാന്പത്തിക സഹായം നൽകുന്ന ജർമൻ വികസന ഏജൻസി (കെഎഫ്ഡബ്ല്യു)യുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കുശേഷം അവരുടെ സാന്നിധ്യത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്.
വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങിയതായും ഏപ്രിലിൽ ആദ്യ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോട്ടിന്റെ നിർമാണ സാമഗ്രികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ടെൻഡറിനുശേഷമേ പരസ്യപ്പെടുത്തുകയുള്ളൂ. മികച്ച നിലവാരത്തിലുള്ള ബോട്ടുകളാകും സർവീസിനെത്തുക. ആദ്യ ബോട്ട് സർവീസിനെത്തി ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർണമായും പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
38 ജെട്ടികൾ, 78 അതിവേഗ ബോട്ടുകൾ, 10 ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റർ നീളുന്ന ജലപാതയാണ് വാട്ടർ മെട്രോ വിഭാവനം ചെയ്തിരുന്നത്. ഇതിൽ മൂന്നു ജെട്ടികൾ കൂടി കൂടുതലായി ഉൾപ്പെടുത്തി ആകെ ജെട്ടികളുടെ എണ്ണം 41 ആക്കി വർധിപ്പിച്ചിട്ടുണ്ട്. ബോട്ടുകളുടെ എണ്ണം 76 ആക്കി കുറച്ചു. പദ്ധതിക്കായി 747 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഇതിൽ 585 കോടി രൂപയാണ് കെഎഫ്ഡബ്ല്യു വായ്പയായി നൽകും. 50 ലക്ഷം യൂറോ ഗ്രാന്റായി നൽകുമെന്നും കെഎഫ്ഡബ്ല്യു ട്രാൻസ്പോർട്ട് ഇക്കണോമിസ്റ്റ് ആഞ്ജലിക്ക സ്വിക്കി അറിയിച്ചു. ബോട്ടുകളുടെ നിർമാണം ഉൾപ്പെടെയുള്ള പദ്ധതിക്കായി ജർമൻ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.
നിർമാണം പൂർത്തിയായശേഷവും രണ്ടു വർഷത്തോളം ജർമൻ വിദഗ്ധരുടെ സേവനം ഉറപ്പാക്കുമെന്ന് ആഞ്ജലിക്ക സ്വിക്കി പറഞ്ഞു. 50 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകളാണ് നിർമിക്കുക. 1.1 ലക്ഷം യാത്രക്കാരെയാണ് കെഎംആർഎൽ പ്രതിദിനം പ്രതീക്ഷിക്കുന്നത്. ജെട്ടികൾ നിർമിക്കുന്നതിനായി സർക്കാർ ഭൂമിയും സ്വകാര്യ ഭൂമിയും പുറന്പോക്കു ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്.
ഇതിൽ സ്വകാര്യ ഭൂമിക്കു മാത്രമേ പണം നൽകേണ്ടതുള്ളു. ആഞ്ജലിക്ക സ്വിക്കിയും കെഎഫ്ഡബ്ല്യുവിന്റെ കപ്പൽ നിർമാണ വിദഗ്ധൻ മാർട്ടിൻ നൈബോയും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു.