കോഴിക്കോട്: ഇ-പോസ് യന്ത്രങ്ങള്‍ കൈപ്പറ്റാത്ത റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ മെഷ്യന് തകരാറിലായാല്‍ കടയുടമയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ അനുവദിക്കിലെക്കന്നും പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സമരമാരംഭിക്കുമെന്നും ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങള്‍ക്കുപോലും തകരാര്‍ സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ മെഷ്യനു കേടു സംഭവിക്കില്ലെന്നു ഗാരണ്ടി നല്കുവാന് സര്‍ക്കാരിനു കഴിയുമോ…? ഒരു യന്ത്രം തകരാറിലായാല്‍ പകരം യന്ത്രം ഉടന്‍ മാറ്റി വയ്ക്കാന്‍ അതാത് സപ്ലൈ ഓഫീസുകളില്‍ അധിക മെഷിന് നല്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്.
മെഷിന് സ്ഥാപിച്ച 4000 ല്‍ അധികം കടകളില്‍ പലതിലും ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ , കണക്ടിവിറ്റി തകരാര്‍ ഉണ്ടായിട്ടുണ്ടെന്നും ബേബിച്ചന് മുക്കാടന്‍ പറഞ്ഞു. ഭക്ഷ്യവകുപ്പ് തയാറാക്കിയ പുതിയ മുന്‍ഗണനാപട്ടിക ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.