തളിപ്പറമ്പ്: കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് വയല്‍ക്കിളി സമരത്തെ പ്രതിരോധിക്കാന്‍ നീക്കം. 25 ന് വൈകുന്നേരം നാലിനാണ് 2000 പേര് പങ്കെടുക്കുന്ന മാര്‍ച്ച് തളിപ്പറമ്പില്‍ നിന്നും കീഴാറ്റൂരിലേക്ക്പോകുകയും കത്തിച്ച സമരപ്പന്തല്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളും അണിചേരുന്ന കേരളം കീഴാറ്റൂരിലേക്ക് മാര്‍ച്ചില്‍ നക്സല്‍ സംഘടനകളും മാവോയിസ്റ്റ് മുന്‍നിര സംഘടനകളും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് കീഴാറ്റൂരിലുള്ളതെന്ന് അറിയിച്ചതായാണ് സൂചന.
സിപിഎം തളിപ്പറമ്പിലേക്ക് നാളെ നടത്തുന്ന ബഹുജനമാര്‍ച്ചും സംഘര്ഷഭരിതമാവാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവാദമായ കീഴാറ്റൂര്‍ വയലിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇന്നോ നാളെയോ ജില്ലാ കളക്ടര്‍ പുറവെച്ചേക്കാനിടയുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.