ഫ്ലോറിഡ: ബ്രിട്ടന്റെ ജൊഹാന കോണ്ട മയാമി ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. ബെൽജിയത്തിന്റെ കിർസ്റ്റെൻ ഫ്ലിപ്കെൻസിനെ പരാജയപ്പെടുത്തിയാണ് ജൊഹാന മൂന്നാം റൗണ്ടിലേക്ക് കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജൊഹാനയുടെ വിജയം. സ്കോർ: 6-4, 6-3. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച ബ്രിട്ടീഷ് താരം മൂന്നാം റൗണ്ടിൽ ജർമനിയുടെ എലിസെ മെർട്ടൻസിനെ നേരിടും.
ചെക്ക് താരം പെട്ര ക്വിറ്റോവയും മൂന്നാം റൗണ്ടിൽ കടന്നു. അരിന സബലെൻകയെയാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 7-5, 3-6, 6-3.
ഇന്ത്യൻ വെൽസ് ചാമ്പ്യൻ നവോമി ഒസാക്ക ആദ്യ റൗണ്ടിൽ സൂപ്പർ താരം സെറീന വില്യംസിനെ പരാജയപ്പെടുത്തി തുടങ്ങിയെങ്കിലും രണ്ടാം റൗണ്ടിൽ എലിന വിറ്റോളിനയുടെ മുന്നിൽ അടിയറവ് പറഞ്ഞു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒസാക്കയുടെ പരാജയം. സ്കോർ: 6-4, 6-2.