കൊച്ചി: ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസും യന്ത്രമനുഷ്യനും എത്രത്തോളം വളർന്നാലും മനുഷ്യന്റെ നിശ്ചിത തൊഴിലവസരങ്ങൾക്കു ഭീഷണിയുണ്ടാകില്ലെന്നു റിസർവ് ബാങ്ക് മുൻ ഗവർണറും പ്രശസ്ത സാന്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചർ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധിയും യന്ത്രമനുഷ്യനും പലയിടങ്ങളിലും മനുഷ്യനു പകരമാകുന്നുണ്ടെങ്കിലും നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴിൽ മേഖലകളിൽ മനുഷ്യന്റെ ആധിപത്യത്തിന് കോട്ടം സംഭവിക്കില്ല. സ്റ്റാർട്ടപ് സംരംഭങ്ങളിൽ കഴിവതും ഇന്ത്യയിൽനിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. അങ്ങനെ വന്നാൽ ഇവിടത്തെ സാന്പത്തിക വ്യവസ്ഥയ്ക്കു കൂടുതൽ കരുത്തും ഊർജവും കൈവരും.
ഉന്നത വിദ്യാഭ്യാസരംഗത്ത് ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഇവിടെ കുറവാണെന്നത് വലിയ പോരായ്മയാണ്. രാജ്യത്തെ മികച്ച ബുദ്ധികേന്ദ്രങ്ങൾ മിക്കവരും വിദേശത്താണുള്ളത്. ഇവരെ തിരികെ കൊണ്ടുവരണം. ഡിജിറ്റൽ മേഖലയിൽ ആഗോളതലത്തിലുള്ള മത്സരത്തിനാണ് ഇന്ത്യയും കേരളവും തയാറെടുക്കേണ്ടത്.
ചൈനയ്ക്കുമേൽ കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെത്തുടർന്നു ലോകസാന്പത്തിക രംഗത്ത് വലിയ വ്യാപാരയുദ്ധത്തിനുള്ള സാധ്യതയൊരുങ്ങുകയാണെന്നു മുഖ്യപ്രഭാഷണത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ രഘുറാം രാജൻ പറഞ്ഞു. ഇത്തരം സംഘർഷങ്ങൾ ലോകനേട്ടങ്ങളിൽനിന്നു സമൂഹത്തെ പിന്നോട്ടടിപ്പിക്കും.
തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ ജീവിക്കുന്ന മധ്യവർഗസമൂഹം ലോകമാകെയുണ്ട്. ലോക വ്യവസായരംഗത്ത് ഈ ആശങ്ക വ്യാപാരവിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടണം. ജനങ്ങളുടെ കാര്യശേഷി വർധിപ്പിക്കണം. കാർഷിക മേഖലയിൽനിന്ന് വ്യാവസായിക, സേവന മേഖലയിലേക്ക് തൊഴിലവസരങ്ങൾ തിരിച്ചുവിടണം. സ്ഥിതിവിവരക്കണക്കുകളിൽ നമ്മുടെ തൊഴിൽനിലവാരം അത്ര മെച്ചമല്ലെന്നും അദ്ദേഹം പറഞ്ഞു.