മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്ത വാണിജ്യയുദ്ധത്തിന്റെ പ്രകന്പനത്തിൽ ഇന്ത്യൻ കമ്പോളങ്ങൾക്കു കാലിടറി. സെൻസെക്സ് 410 പോയിന്റും നിഫ്റ്റി 117 പോയിന്റും ഇടിഞ്ഞു. അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യൻ കമ്പോളങ്ങൾ. ചൈനീസ് ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതാണ് നിക്ഷേപകരിൽ ഭീതിയുളവാക്കിയത്.
ബോംബെ ഓഹരിസൂചിക സെൻസെക്സ് 409.73 പോയിന്റ് (1.24 ശതമാനം) ഇടിഞ്ഞ് 32,596.54ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 23നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സെൻസെക്സ് ഇപ്പോൾ.
നിഫ്റ്റി 10,000ലെ താങ്ങ് തകർത്ത് 116.70 പോയിന്റ് (1.15 ശതമാനം) ഇടിഞ്ഞ് 9,998.05ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 11നു ശേഷമുള്ള താഴ്ന്ന നിലയിലാണ് നിഫ്റ്റി. നിക്ഷേപകർക്ക് ഇന്നലെ മാത്രം 1.57 ലക്ഷം കോടി രൂപ ഇന്ത്യൻ കമ്പോളങ്ങളിൽനിന്ന് നഷ്ടമായി.
ചൈനീസ് സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് അമേരിക്ക നികുതി ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ചൈനയും പുതിയ തീരുമാനം പ്രഖ്യാപിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈനയിൽ 15 ശതമാനം വരെ നികുതി ഈടാക്കാനാണ് തീരുമാനം. ഡ്രൈഡ് ഫ്രൂട്ട്സ്, വൈൻ, സ്റ്റീൽ പൈപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
എന്നാൽ, പന്നിയിറച്ചി ഉത്പന്നങ്ങൾ, പുനഃചംക്രമണം ചെയ്ത അലുമിനിയം തുടങ്ങിയവയ്ക്ക് 24 ശതമാനം നികുതിയും ചുമത്തുമെന്ന് ചൈനയുടെ വാണിജ്യമന്ത്രാലയം അറിയിച്ചു. നികുതി ഈടാക്കുന്ന 128 അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടികയും ചൈന പുറത്തിറക്കി.
ഇന്ത്യയിൽ മാത്രമല്ല വാൾസ്ട്രീറ്റ്, ഏഷ്യൻ, യൂറോപ്യൻ മാർക്കറ്റുകളിലും കരടിവിളയാട്ടമുണ്ടായി. ഏഷ്യയിൽ ജപ്പാന്റെ നിക്കി സൂചിക 4.51 ശതമാനം, ഹോങ്കോംഗിന്റെ ഹാങ്സെങ് 2.45 ശതമാനം, ചൈനയുടെ ഷാങ്ഹായ് സൂചിക 3.39 ശതമാനം വീതം ഇടിഞ്ഞു. യൂറോപ്യൻ മാർക്കറ്റിൽ പാരീസ് സിഎസി 40 സൂചിക 1.69 ശതമാനം, ഫ്രാങ്ക്ഫർട്ട് 1.81 ശതമാനം, ലണ്ടൻ എഫ്ടിഎസ്ഇ 0.85 ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.