ചവറ: ദേശീയ ജലപാതയ്ക്കരുകിൽ കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോർ ബോട്ട് മുങ്ങിയിട്ട് മൂന്ന് വർഷമായിട്ടും നീക്കം ചെയ്യാൻ നടപടിയായില്ല. ഇതോടെ സമീപത്തെ ദേവാലയത്തിന്റെ ചടങ്ങുകൾക്ക് ബോട്ട് തടസമായിമാറുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം 50 ലക്ഷത്തോളം രൂപയാണ് ബോട്ട് നശിച്ചതോടെ നഷ്ടമായത്. നിരവധി തവണ പരാതികൾ അധികൃതർക്ക് മുന്നിലെത്തിയിട്ടും നിസാര കാര്യങ്ങൾ പറഞ്ഞ് ഒഴിയുകയാണെന്ന് ആക്ഷേപമുയരുന്നു.
ചവറ കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ ദേവാലയത്തിന് മുന്നിലായുള്ള ടിഎസ് കനാൽ ഭാഗത്താണ് നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തിയിരുന്ന സഞ്ചരിക്കുന്ന ബോട്ട് തകരാറിനെ തുടർന്ന് അധികൃതർ ഉപേക്ഷിച്ചത്. ബോട്ടിന്റെ അടിഭാഗത്തുണ്ടായ ചോർച്ചയെ തുടർന്നാണ് കരയിലൊതുക്കിയത്.
എഞ്ചിൻ അഴിച്ചു കൊണ്ടുപോയതൊഴിച്ചാൽ പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇടവക വികാരി ഫാ. സാജൻ വാൾട്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു. ചവറ മുതൽ കോവിൽത്തോട്ടംവരെയുള്ള ഭാഗങ്ങളിൽ ടി എസ് കനാലിന്റെ ഇരുവശത്തും താമസിക്കുന്നവർക്ക് കണ്‍സ്യൂമർ ഫെഡിന്റെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 50 ലക്ഷം രൂപ മുടക്കി ബോട്ട് നീറ്റിലിറക്കിയത്.
കേടായതിനെ തുടർന്ന് അധികൃതർ ഉപേക്ഷിച്ചതോടെ ബോട്ട് പൂർണമായും തകരുകയായിരുന്നു. ഒരു വശം പൂർണമായും വെള്ളത്തിൽ താഴ്ന്നതോടെ ഈ പ്രദേശം മാലിന്യം അടിഞ്ഞുകൂടുന്ന നിലയിലാണ്.
ദേവാലയത്തിന്റെ വിശുദ്ധവാരത്തിന്റെ ഭാഗമായുള്ള ഉരുൾ നേർച്ചയും ഇത് കാരണം മൂന്നുവർഷമായി ദേവാലയത്തിന് മുന്നിൽ നടത്താനാവുന്നില്ല. 850 ഓളം കുടുംബങ്ങളുള്ള ദേവാലയത്തിൽ നിരവധി പേരാണ് മറുകരകളിൽ നിന്നും വള്ളത്തിൽ പ്രാർഥനകൾക്കായി ഇവിടേക്ക് എത്തുന്നത്. മുങ്ങിയ ബോട്ട് കാരണം ദേവാലയത്തിന് മുന്നിലെ കടവ് ഭാഗത്ത് വള്ളങ്ങൾക്കും അടുക്കാനാകുന്നില്ല.
സ്ഥലം എംഎൽഎ ഒരു വർഷം മുന്‍പ് ബോട്ട് നീക്കം ചെയ്യാമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. തുടർന്ന് ഇളന്പള്ളൂരിലെ റിജിയണൽ ഓഫീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
തിരുക്കർമങ്ങൾക്ക് വിഘാതമായതോടെ ദു:ഖവെള്ളിയാഴ്ച്ച പ്രാർഥനകൾക്ക് മുന്‍പായി ബോട്ട് നീക്കം ചെയ്തില്ലെങ്കിൽ വിശ്വാസികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഇടവക കോർഡിനേറ്റർ മാൽക്കം മയൂരം, കൈക്കാരൻ ജോഫ് ജോബായി, ധനകാര്യ സെക്രട്ടറി ജോസഫ് ആന്റണി എന്നിവർ അറിയിച്ചു.