മട്ടാഞ്ചേരി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫോർട്ടുകൊച്ചിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ഭക്ഷണം സൂക്ഷിച്ച രണ്ടു ഹോട്ടലുകൾക്കെതിരേയും ഒരു തട്ടുകടയ്ക്കതിരേയും കേസെടുക്കുകയും പിഴ ഈടാക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന ചില ഹോട്ടലുകളുകൾക്കും തട്ടുകടകൾക്കും താക്കീതു നൽകുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടോടെ ഫോർട്ടുകൊച്ചി കടപ്പുറത്തും പരിസരങ്ങളിലുമുള്ള ചില കടകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്തത്.
ഫോർട്ടുകൊച്ചി പരേഡ് മൈതാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എ വണ്‍ തട്ടുകടയില്‍ നിന്നും പഴക്കമുള്ള ചിക്കന്‍, ബീഫ്, ചോറ്, ഫ്രൈഡ് റൈസ്, ബിരിയാണി എന്നിവ പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി എക്സല്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ മോശമായ കരി നിറത്തിലുള്ള എണ്ണ, ചോറ്, ചപ്പാത്തി എന്നിവയും കമാലക്കടവില്‍ ടൂറിസ്റ്റ്ബോട്ട് ജെട്ടിക്ക് മുകളിലെ ഹോട്ടല്‍ മരിയയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ദിവസം പഴകിയ ചോറും പിടിച്ചെടുത്തു.
ഉപയോഗിച്ച എണ്ണ ദിവസങ്ങളോളം മാറ്റാതെ ഉപയോഗിക്കുകയും അതില്‍ത്തന്നെ പുതിയ എണ്ണ കലര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. തട്ടുകടകളിലെ വിഭവങ്ങള്‍ പലതും ഏറെ പഴക്കമുള്ളതായിരുന്നു. വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ കാനയുടെ മുകളില്‍ വെച്ചിരുന്ന കുടിവെള്ളം അധികൃതര്‍ ഒഴുക്കി ക്കളഞ്ഞു.
ഇവിടെ സൂക്ഷിച്ചിരുന്ന മോശമായ ഐസും പിടിച്ചെടുത്ത മോശം ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു.പരിശോധന രാവിലെയായതിനാല്‍ തട്ടുകടകളില്‍ ഭൂരിഭാഗവും തുറന്നിരുന്നില്ല. തട്ടുകടകള്‍ ഭൂരിഭാഗവും മോശം അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്റ്റാലിന് ജോസഫിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ റെയ്മണ്ട്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, നീത, ബിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.