ലോകത്തിലെ ഏറ്റവും വലിയ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം ഇന്ത്യയുടെ വലിപ്പത്തിന്റെ പകുതിയോളം വരുമെന്ന് ഗവേഷകര്‍ കണ്ടെത്തി. പസഫിക് സമുദ്രത്തിലെ ഒരു പ്രത്യേക മേഖലയില്‍ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യക്കൂട്ടത്തെയാണ് ‘ദി ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് പാച്’ (The Great Pacific Garbage Patch) എന്ന് വിശേഷിപ്പിക്കുന്നത്.
ഒഴുകുന്ന ഈ മാലിന്യക്കൂമ്പാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലും. മുമ്പ് വിചാരിച്ചതിനെക്കാള്‍ 16 തവണ അധികം മാലിന്യങ്ങള്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് സയന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ വ്യക്തമായത്.
അമേരിക്കയുടെ കാലിഫോര്‍ണിയ തീരം മുതല്‍ ഹവായ് ദ്വീപുകള്‍വരെയുള്ള സമുദ്രഭാഗത്താണ് ഈ മാലിന്യക്കൂമ്പാരം. പുതിയ പഠനം അനുസരിച്ച് 1.6 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ (618000 സ്ക്വയര്‍ മൈല്‍) ആണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകുന്നത്.
യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സിന്റെ വലിപ്പത്തിന്റെ മൂന്നിരട്ടി മാലിന്യങ്ങള്‍ സമുദ്രത്തിലുണ്ട്. ഇന്ത്യയുടെ ഏതാണ്ട് പകുതിയോളം വരും ഇവയുടെ വലിപ്പം. ഡച്ച് സംഘടന, ദി ഓഷ്യന്‍സ് ക്ലീന്‍ അപ് ആണ് പഠനം നടത്തിയത്. ഭൂമിയിലെ സമുദ്രങ്ങളിലേക്ക് പ്രതിവര്‍ഷം എട്ട് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.